കഴിഞ്ഞ ദിവസമാണ് കുരുമുളക് പറിച്ചതിനുള്ള കൂലി ചോദിച്ചതിന് ബാബു ചൊറിയന് മർദനമേറ്റത്
വയനാട്: വയനാട്ടിൽ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്ക്കനെ മർദിച്ച സംഭവത്തിൽ സ്ഥല ഉടമയ്ക്ക് എതിരെ കേസെടുത്തു. മഞ്ഞപ്പാറ സ്വദേശി അരുണിനെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബു കുരുമുളക് പറിച്ചതിന് നൂറ് രൂപ കൂലി കൂട്ടി ചോദിച്ചതിനാണ് അരുണ്‍ ക്രൂരമായി മർദിച്ചത്. ചീരാൽ സ്കൂളിലെ ജീവനക്കാരനായ അരുണിനെതിരെയാണ് പരാതി.
മുഖത്ത് ചവിട്ടേറ്റ് ബാബുവിൻ്റെ താടിയെല്ലിന് പൊട്ടലുണ്ട്. പൊലീസിനോട് മദ്യപിച്ച് വീണ് പരിക്കേറ്റതാണെന്ന് പറയാൻ പ്രതി ആവശ്യപ്പെട്ടതായി ബാബു പറഞ്ഞു. പ്രതി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി 1000 രൂപ തന്ന് സ്വാധീനിക്കാൻ ശ്രമിച്ചതായും ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിക്കെതിരെ പട്ടികവർഗ അതിക്രമ നിരോധനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. എസ്‍സി എസ്‍ടി കമ്മീഷൻ കേസെടുത്തു. അരുൺ ഒളിവിൽ പോയെന്ന് അമ്പലവയൽ പൊലീസ് അറിയിച്ചു. എന്നാൽ ബാബുവിനെ അരുൺ മർദിച്ചിട്ടില്ലെന്ന് അച്ഛൻ ദാമോദരൻ പറഞ്ഞു. വർഷങ്ങളായി ബാബു കൃഷിയിടത്തിൽ ജോലി ചെയ്യുന്നുണ്ട്. സംഭവ ദിവസം അരുൺ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

