കൊഴിഞ്ഞാമ്പാറയിൽ സംഘം ചേർന്നുള്ള മർദ്ദനത്തിനിടെ യുവാവ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘർഷത്തിൽ വടകരപ്പതി സ്വദേശി ജെയിംസ് രാജ്കുമാർ ആണ് മരിച്ചത്.

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സംഘം ചേർന്നുള്ള മർദ്ദനത്തിനിടെ യുവാവ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. വടകരപ്പതി പരിശക്കൽ വലിയകള്ളിയമ്പാറ സ്വദേശികളായ എസ്. സുധീഷ് (26), ജെ. ശ്രുധീഷ് (23), എസ്. ലോകേഷ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വടകരപ്പതി സ്വദേശി ജെ. ജെയിംസ് രാജ്കുമാർ (38) മർദ്ദനമേറ്റ് മരിച്ച കേസിലാണ് ഈ നടപടി. സംഘർഷത്തിനിടെ ജെയിംസ് തന്റെ ബന്ധുവായ വടകരപ്പതി വലിയകള്ളിയമ്പാറ സ്വദേശി ജെ. ജോണി പ്രവീണിനെ (35) വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.