ബന്ധുവിനെ എയർഗൺ കൊണ്ട് വെടിവെച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്.

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കനെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട സോമന്‍റെ ബന്ധുവും അയൽവാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രസാദ് എയർ ഗണ്ണിന് വെടി വെക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പിടികൂടിയത്.
ഇവിടെ ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് കഴിഞ്ഞ രാത്രി ഒളിവിൽ കഴിഞ്ഞത്. ബന്ധുക്കളായ സോമനും പ്രസാദും കാലങ്ങളായി അകൽച്ചയിലായിരുന്നു. തർക്കവും കയ്യാങ്കളിയും പതിവ് സംഭവം. ഇന്നലെ വൈകിട്ടും വാക്ക് തർക്കം ഉണ്ടായി. വിമുക്ത ഭടൻ കൂടിയായ പ്രസാദ് ഇതിന് പിന്നാലെ സോമനെ വെടിവെക്കുകയായിരുന്നു. സോമന്‍റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സോമന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സമാനമായ രീതിയിലുള്ള മറ്റൊരു വാര്‍ത്ത മലപ്പുറത്ത് നിന്നും പുറത്തു വന്നിരുന്നു. മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിൻ്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് സജീവിന്‍റെ വീട്ടിൽ വച്ചാണ് ഷാഫി നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. സജീവിനൊപ്പം സുഹൃത്തുക്കളായ മുഫീദ്, സുൽഫിക്കർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിരലടയാള വിദഗ്ധരുൾപ്പെട്ട സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സജീവിനെ പ്രതിചേർക്കാൻ പൊലീസ് തീരുമാനിച്ചത്. തോക്ക് സജീവിന്റെ കൈയ്യിലിരിക്കെയാണ് വെടിയേറ്റതെന്ന നിഗമനത്തിലാണ് അറസ്റ്റ്. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അബദ്ധത്തിൽ വെടിയേറ്റതാണെന്ന വാദം പൊലീസ് തള്ളിക്കളയുകയാണ്. മുഫീദിനെയും സുൽഫിക്കറിനെയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഉപാധികളോടെ വിട്ടയച്ചു.