പറമ്പുകളില്‍ പാഴായിപ്പോകുന്ന കശുമാങ്ങയില്‍ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യ ഘട്ടമായാണ് കശുമാങ്ങ സോഡ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 200 മില്ലി ലിറ്റർ കശുമാങ്ങ സോഡയുടെ വില പത്ത് രൂപയാണ്.
കൊല്ലം: കശുമാങ്ങയുടെ വിപണന സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായി കശുമാങ്ങ സോഡ വിപണിയിലെത്തിച്ച് കശുവണ്ടി വികസന കോർപ്പറേഷൻ. പറമ്പുകളില്‍ പാഴായിപ്പോകുന്ന കശുമാങ്ങയില്‍ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യ ഘട്ടമായാണ് കശുമാങ്ങ സോഡ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
നിലവില്‍ കാശുവണ്ടി വികസന കോർപറേഷന്‍റെ തോട്ടങ്ങളില്‍ നിന്നും സംഭരിക്കുന്ന കാശുമാങ്ങയില്‍ നിന്നാണ് സോഡാ ഉദ്പാദനം നടക്കുന്നത്. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് കശുമാങ്ങ പുഴുങ്ങി പഴച്ചാർ വേർതിരിച്ചാണ് സോഡാ നിർമ്മിക്കുന്നത്. കശുവണ്ടി സംസ്കരണ മേഖലയില്‍ തൊഴില്‍ നഷ്ടമായ സ്ത്രികളാണ് സോഡാ യൂണിറ്റില്‍ ജോലി ചെയ്യുന്നത്.
ഇപ്പോള്‍ കൊല്ലത്തെ കൊട്ടിയത്ത് മാത്രമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കൂടുതല്‍ കാശുമാങ്ങ ലഭ്യമാകുന്ന കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ പുതിയ കാശുമാങ്ങ സംസ്കരണ യുണിറ്റുകള്‍ തുടങ്ങാനാണ് കോർപറേഷൻ പദ്ധതി. 200 മില്ലി ലിറ്റർ കശുമാങ്ങ സോഡയുടെ വില പത്ത് രൂപയാണ്. അടുത്ത ഘട്ടത്തില്‍ കശുമാങ്ങയില്‍ നിന്നും വൈൻ, വിനാഗിരി, ജാം, ചോക്ലേറ്റ്, ഐസ്ക്രിം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്.
