മലപ്പുറം എടക്കരയിൽ ഉപയോഗിക്കാതെ കിടന്ന 20 കോലോളം താഴ്ചയുള്ള കിണറ്റിലാണ് 15 ദിവസം മുൻപ് പൂച്ചക്കുഞ്ഞ് വീണത്. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല...
മലപ്പുറം: അമ്മയുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ ആർക്കും കഴിയില്ല. പതിനഞ്ച് നാളുകൾക്ക് ശേഷം എമർജൻസി റെസ്ക്യൂ ഫോഴ്സിന്‍റെ കരങ്ങളിലൂടെ എടക്കരയിലെ കിണറ്റിൽ നിന്നുള്ള കുഞ്ഞ് പൂച്ചയുടെ രക്ഷയും പറയുന്നത് അത് തന്നെയാണ്. എടക്കര മുത്തേടം ആവണക്കുഴിയിൽ തമ്പിയുടെ ഉപയോഗിക്കാതെ കിടന്ന 20 കോലോളം താഴ്ചയുള്ള കിണറ്റിലാണ് പൂച്ചക്കുഞ്ഞ് ഓടി കളിക്കുന്നതിനിടയിൽ 15 ദിവസം മുൻപ് വീണത്. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ദിവസവും അമ്മ പൂച്ച കിണറിന് സമീപം വന്ന് കരയുന്നത് പതിവായതാണ് നാട്ടുകാരുടെ ശ്രദ്ധയാകർഷിച്ചത്.
അമ്മ പൂച്ചയുടെ സ്ഥിരമുള്ള കരച്ചിൽ കേട്ട സമീപവാസികൾ വന്ന് നോക്കുകപ്പോളാണ് പൂച്ച കുഞ്ഞിന്‍റെയും കരച്ചിൽ കേട്ടത്. ആഴവും ഉപയോഗിക്കാതെ കിടക്കുന്നതും അടിഭാഗം ഇടിഞ്ഞ് കിടക്കുന്നതുമായ കിണറിലെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇതുകാരണം രക്ഷാപ്രവർത്തനത്തിന് വന്ന പലരും പിൻ വാങ്ങിയതിനെ തുടർന്ന് നാട്ടുകാർ എമർജൻസി റെസ്ക്യു ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. ഇതിനെ തുടർന്ന് ഇ ആർ എഫ് അംഗങ്ങളായ അബ്ദുൽ മജീദ്, ഡെനി എബ്രഹാം, നിഷാദ്ബാബു, എന്നിവർ എത്തി കിണറ്റിലിറങ്ങി ഏറെ നേരത്തെ പരിശ്രമത്തിനിടയിൽ കുഞ്ഞ് പൂച്ചയെ രക്ഷിച്ച് കരയിൽ കയറ്റി വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം വീട്ടിൽ പൂച്ചകളുള്ളവർ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ കൂടി അറിയാം
1. പൂച്ചകൾക്ക് പാല് കുടിക്കാൻ ഇഷ്ടമാണ്. എന്നാൽ അവയ്ക്ക് ഇഷ്ടമായതുകൊണ്ട് അതൊരിക്കലും അവരുടെ ആരോഗ്യത്തിന് നല്ലതാവണമെന്നില്ല. പ്രായമുള്ള പൂച്ചകൾക്ക് ലാക്ടോസിന്റെ ചെറിയ തോതിലുള്ള അളവ് പോലും താങ്ങാൻ സാധിക്കില്ല.
2. പൂച്ചകളുടെ ശരീരത്തിൽ ലാക്ടോസിന്റെ അളവ് കൂടിയാൽ ദഹനം ശരിയായ രീതിയിൽ നടക്കില്ല. ഇത് വയറ് വീർക്കൽ, ഛർദ്ദി, വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു.
3. ചെറുപ്രായം കഴിഞ്ഞ പൂച്ചകളിൽ ലാക്ടോസ് ദഹിപ്പിക്കാനുള്ള എൻസൈമിന്റെ ഉത്പാദനം ഇല്ലാതാകുന്നു. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കും.
4. പൂച്ചകുട്ടികൾക്ക് പാല് കൊടുക്കാമെങ്കിലും, അമ്മയുടെ പാല് നൽകുന്നതാണ് നല്ലത്. എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങൾ വന്നാൽ പൂച്ചകുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പാല് കൊടുക്കാവുന്നതാണ്..
5. പശുപാലിൽ അമിതമായി ലാക്ടോസ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പോഷകഗുണങ്ങളുടെ കുറവും ഉണ്ട്. ഇത് പൂച്ചകുട്ടികൾക്ക് ദഹന സംബന്ധമായ പ്രശ്‍നങ്ങൾക്ക് വഴിയൊരുക്കുന്നു.
6. പൂച്ചകൾക്കായി പ്രത്യേകം തയാറാക്കിയ ലാക്ടോസ് ചേരാത്ത പാല് ലഭിക്കും. അല്ലെങ്കിൽ ചെറിയ അളവിൽ ആട്ടിൻപാലും നൽകാവുന്നതാണ്.
7. മറ്റെന്തിനേക്കാളും വെള്ളം കുടിക്കുന്നതാണ് പൂച്ചകളുടെ ആരോഗ്യത്തിന് നല്ലത്. വെറ്റ് ഫുഡ് കൊടുക്കുന്നതിലൂടെ ധാരാളം ജലം പൂച്ചയ്ക്ക് ലഭിക്കുന്നു.
8. പൂച്ചകൾക്ക് പാല് നൽകേണ്ടതിന്റെ ആവശ്യകത വളരെ കുറവാണ്. അതിനാൽ തന്നെ പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ നൽകുന്നതാണ് നല്ലത്.


