മണ്ണാർമലയിൽ പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഇതുവരെയും പുലി കൂട്ടിലായിട്ടില്ല. 

മലപ്പുറം: വന്യ ജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല. പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തി മണ്ണാർമലയിൽ ഇന്നും പുലിയിറങ്ങി. പുലർച്ചെ മൂന്ന് മണിയോടെയാണ് പുലിയിറങ്ങിയത്. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. നടന്നു വന്ന പുലി അല്പനേരം ഒരു സ്ഥലത്ത് നിന്ന ശേഷം നടന്നു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലിയെ പിടിക്കാൻ സമീപത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കൂട്ടിലായിട്ടില്ല. പ്രദേശത്ത് വന്യജീവി ശല്യം വളരെ കൂടുതലാണ്. വനംവകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും ഒരു പ്രയോജനവുമുണ്ടായിട്ടില്ല. പുലിയെ മയക്കുവെടി വച്ച് പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് നാട്ടുകാർ വ്യക്തമാക്കി.