80ലക്ഷം രൂപ വെളളത്തിലായി, നഗരസഭയുടെ പുതിയ കൗൺസിൽ ഹാളിന്റെ സീലിങ് അടർന്നു വീണു
കൗൺസിൾ ഹാളിലേക്കുള്ള ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സീലിങ് അടർന്നുവീണത്. നഗരസഭ കെട്ടിടത്തിന് 55 വർഷത്തെ പഴക്കമുണ്ട്.

ആലപ്പുഴ: 80ലക്ഷം രൂപ ചെലവഴിച്ച് കായംകുളം നഗരസഭ നിർമ്മിച്ച പുതിയ കൗൺസിൽ ഹാളിന്റെ സീലിങ് അടർന്നു വീണു. മൂന്ന് വർഷമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെയാണ് സീലിങ്ങിന്റെ ഒരു ഭാഗം അടർന്നു വീണത്. നിലവിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ കൗൺസിൽ ഹാൾ പൂർത്തിയായി വരുന്നത്.
ആധുനിക സൗകര്യങ്ങളോടെയുള്ള ഹാളിൽ ഓരോ സീറ്റിലും മൈക്രോ ഫോൺ അടക്കമുള്ള സംവിധാനങ്ങളാണ് ചെയ്തു വരുന്നത്. പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനായി 60ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൗൺസിൾ ഹാളിലേക്കുള്ള ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ സീലിങ് അടർന്നുവീഴുകയായിരുന്നു. നഗരസഭ കെട്ടിടത്തിന് 55 വർഷത്തെ പഴക്കമുണ്ട്.
ഇരുനില കെട്ടിടത്തിന്റെ മുകളിൽ ആണ് പുതിയ കൗൺസിൽ ഹാൾ നിർമിച്ചിട്ടുള്ളത്. പഴയ കെട്ടിടത്തിന്റെ മുകളിൽ ഇത്രയും വലിയ നിർമാണ പ്രവർത്തനങ്ങൾക്ക് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കണമായിരുന്നുവെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ചൂണ്ടിക്കാട്ടുന്നു. തിരക്ക് പിടിച്ച് നിർമാണം ആരംഭിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നും ഇതേപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും ഭാരവാഹികളായ സി. എസ് ബാഷ, കൗൺസിലർമാരായ എ.ജെ.ഷാജഹാൻ, എ.പി.ഷാജഹാൻ, ബിധു രാഘവൻ എന്നിവർ ആവശ്യപ്പെട്ടു.
(പ്രതീകാത്മക ചിത്രം)