വിയ്യൂര്‍ ജയില്‍ കവാടത്തിനോട് ചേര്‍ന്നാണ് ജയില്‍ വകുപ്പ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരിക്കുന്നത്. പരിശീലനം ലഭിച്ച അന്തേവാസികളാണ് തൊഴിലാളികളെല്ലാം. നേരത്തെ കൊടുവാളും വാക്കത്തിയും കൊണ്ടുനടന്നിരുന്നവരുടെ കയ്യില്‍ ഇപ്പോഴുളളത് കത്രികയും കട്ടിംഗ് ബ്ലേഡും

വിയ്യൂര്‍: ചപ്പാത്തിയും ബിരിയാണിയും കേക്കുമെല്ലാം ഹിറ്റായതിന് പിന്നാലെ സൗന്ദര്യ സംരക്ഷണ മേഖലയിലും കൈ വച്ച് വിയ്യൂര്‍ ജയിലിലെ തടവുകാര്‍. ചുരുങ്ങിയ ചെലവില്‍ മുടിവെട്ടി സുന്ദരനാകണമെങ്കില്‍ ഇനി തൃശൂര്‍ വിയ്യൂര്‍ ജയിലിലെത്തിയാല്‍ മതി. വേണമെങ്കില്‍ ഫേഷ്യല്‍ ചെയ്ത് ഒന്നു മുഖം മിനുക്കുകയും ആവാം. 

ജയില്‍ ചപ്പാത്തിയും ബിരിയാണിയും കേക്കുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ സുന്ദരനാകാൻ ജയില്‍ വരെ ഒന്നു പോയി വരാമെന്ന് പറയുമ്പോള്‍ ആകെ ആശയക്കുഴപ്പമായിരിക്കും. വിയ്യൂര്‍ ജയില്‍ കവാടത്തിനോട് ചേര്‍ന്നാണ് ജയില്‍ വകുപ്പ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരിക്കുന്നത്.

പരിശീലനം ലഭിച്ച അന്തേവാസികളാണ് തൊഴിലാളികളെല്ലാം. നേരത്തെ കൊടുവാളും വാക്കത്തിയും കൊണ്ടുനടന്നിരുന്നവരുടെ കയ്യില്‍ ഇപ്പോഴുളളത് കത്രികയും കട്ടിംഗ് ബ്ലേഡും. ജയില് ഡിഐജി സാം തങ്കയ്യൻറെ മുടിയില്‍ പൊലീസ് കട്ടടിച്ച് ഉദ്ഘാടനവും നടത്തി. 

നേരത്തെ പൂജപ്പുരയിലും കണ്ണൂരിലും വിജയമായത് കണ്ടാണ് വിയ്യൂരിലും ബ്യൂട്ടി പാര്‍ലര്‍ സജ്ജമാക്കിയത്. 5 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടത്തില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരിക്കുനന്നത്. പുറത്തുളള ബ്യൂട്ടിപാര്‍ലറുകളേക്കാള്‍ ചുരുങ്ങിയ ചെലവില്‍ മുഖം മിനുക്കാം.മുടിവെട്ടാം. സൗന്ദര്യസംരക്ഷണത്തില്‍ തത്പരരാരായ നാട്ടുകാര്‍ മടികൂടാതെ ഇങ്ങോട്ടേക്ക് കടന്നു വരുമെന്ന പ്രതീക്ഷയിലാണ് ജയില്‍ വകുപ്പ്