സ്‌കൂട്ടിയിലെത്തിയ മധ്യവയസ്‌കന്‍ നടന്നുവരികയായിരുന്ന വീട്ടമ്മയോട് വഴി ചോദിച്ച് സംസാരിച്ചു നിന്നു. പെട്ടെന്ന് ഇയാള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

നെടുങ്കണ്ടം: ഇടുക്കിയില്‍ സ്കൂട്ടറിലെത്തിയ മധ്യവയസ്കന്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നു. നെടുങ്കണ്ടം തൂക്കുപാലം ചോറ്റുപാറയില്‍ ആണ് സംഭവം. വഴി ചോദിച്ചെത്തിയ മധ്യവയസ്‌കന്‍ വീട്ടമ്മയുടെ ഒന്നര പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ചോറ്റുപാറ ജോണിക്കട ഭാഗത്ത് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 

സ്‌കൂട്ടിയിലെത്തിയ മധ്യവയസ്‌കന്‍ നടന്നുവരികയായിരുന്ന വീട്ടമ്മയോട് വഴി ചോദിച്ച് സംസാരിച്ചു നിന്നു. പെട്ടെന്ന് ഇയാള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഒന്നര പവനോളം തൂക്കം വരുന്ന മാലയാണ് മോഷണം പോയതെന്ന് വീട്ടമ്മ പറഞ്ഞു. 45 വയസോളം പ്രായവും ഇരുനിറവുമുള്ളയാളാണ് മോഷണം നടത്തിയത്. കറുത്ത ആക്ടീവ സ്‌കൂട്ടിയിലാണ് ഇയാളെത്തിയതെന്ന് വീട്ടമ്മ പരാതിയില് പറയുന്നു. പച്ച ലുങ്കിയും ചുവപ്പും നീലയും കലര്‍ന്ന ഷര്‍ട്ടുമായിരുന്നു മോഷ്ടാവിന്‍റെ വേഷം.

വീട്ടമ്മ ബഹളം വച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വീട്ടമ്മയുടെ മൊഴിയില്‍ നിന്നും ആളിനെക്കുറിച്ചുള്ള ഏകദേശ രൂപം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ രാമക്കല്‍മേട് ഭാഗത്തേയ്ക്ക് പോയതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നെടുങ്കണ്ടം പൊലീസ് പ്രതിക്കായി അന്വേഷണമാരംഭിച്ചു. പ്രതിയെ ഉടനെ പിടികൂടാനാകുമെന്ന് നെടുങ്കണ്ടം പൊലീസ് വ്യക്തമാക്കി.

Read More : 'ലിഫ്റ്റ് തരാം'; മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്‍റെ അതിക്രമം- VIDEO