കായംകുളം: വൃദ്ധയുടെ ഒന്നര പവൻ വരുന്ന മാല അയൽവാസിയായ യുവാവ് കവർന്നതായി പരാതി. തിങ്കളാഴ്ച പുലർച്ചെ ഭഗവതിപ്പടിയ്ക്ക് തെക്കുഭാഗത്ത് തട്ടാവഴി ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. രതീഷ് ഭവനത്തിൽ വിലാസിനി ( 62 ) യാണ് അക്രമത്തിനിരയായത്.  

പുതിയടം ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്ത് വരികയാണ് ഇവർ. പുലർച്ചെ അഞ്ചു മണിയോടു കൂടി ക്ഷേത്രത്തിലേയ്ക്ക് പോകുവാനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് മോഷ്ടാവ് പിൻതുടർന്ന് മാല പൊട്ടിച്ചെടുത്തത്. വിലാസിനിയെ അക്രമിച്ചു തള്ളിയിട്ട ശേഷം മുഖത്ത് കുത്തിപ്പിടിച്ചാണ് മാല കവർന്നെടുത്തത്.

ഇയാൾ സ്ത്രീയുടെ വേഷധരിച്ചും മുഖം മറച്ചുമാണ് അക്രമിച്ചത്. വിലാസിനി അക്രമിയുടെ മുഖം മൂടി വലിച്ചു കീറി ആളെ തിരിച്ചറിഞ്ഞതായി പറയുന്നു. വീഴ്ചയിൽ കാൽമുട്ടിന് പരിക്ക് പറ്റിയ ഇവരെ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.