ചങ്ങനാശേരി: ബിവ്റേജ‌സ് കോർപറേഷന്റെ ചങ്ങനാശേരി ഔട്ട്‌ലെറ്റിൽ നിന്നു അരക്കോടിയിലേറെ രൂപ വില വരുന്ന മദ്യം കാണാതായി. ജില്ലാ ഓഡിറ്റ് ടീം കണക്കെടുത്തപ്പോഴാണ് സ്റ്റോക്കിൽ അതിഭീമമായ തുകയുടെ വ്യത്യാസം കണ്ടെത്തിയത്. സ്റ്റോക്കിൽ 59.06 ലക്ഷം രൂപയുടെ മദ്യം കുറവുള്ളതായാണ് കണ്ടെത്തൽ.

ഇക്കഴിഞ്ഞ ഡിസംബർ ഒന്ന് മുതൽ 2019 ജനുവരി മൂന്ന് കാലയളവിൽ മാത്രം ഔട്ട്‌ലെറ്റിലെ സ്റ്റോക്കിൽ 53,21,973 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ജനുവരി 4 മുതൽ മാർച്ച് 17 വരെയുള്ള കണക്കിൽ 5,84,584 രൂപയുടെ കുറവും കണ്ടെത്തിയിട്ടുണ്ട്. 

പണം ജീവനക്കാരിൽ നിന്ന് ഈടാക്കേണ്ടെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഔട്ട്‌ലെറ്റിലെ ഏഴ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ജോലിയിലുണ്ടായിരുന്ന, ഷോപ്പ് ഇൻ ചാർജായിരുന്ന ഉദ്യോഗസ്ഥൻ മരിച്ചുപോയി.

ഒരു ലക്ഷം രൂപ മൂല്യം വരുന്ന ലോഡിറക്കുമ്പോഴും മാറ്റിവയ്ക്കുമ്പോഴും കുപ്പികൾ പൊട്ടിയും മറ്റുമുണ്ടാകുന്ന സ്വാഭാവിക നഷ്ടം 50 രൂപ എന്നാണ് കണക്കാക്കുന്നത്. എന്നാൽ ചങ്ങനാശേരി ഔട്ട്‌ലെറ്റിൽ സ്റ്റോക്കിൽ ഭീമമായ വ്യത്യാസം സംഭവിച്ചിട്ടും ബിവറേജസ് കോർപറേഷൻ വിശദമായ അന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷേപം.