Asianet News MalayalamAsianet News Malayalam

ദുരന്ത സമയത്ത് വിതരണ സംവിധാനത്തിന് 'ചങ്ങായി' ആപ്പ് പുറത്തിറക്കി എരഞ്ഞോളി പഞ്ചായത്ത്

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു ജനത്തിനും എളുപ്പത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയാം...
 

changayi app developed  for products delivery by a panchayath
Author
Thalassery, First Published Apr 6, 2020, 9:51 PM IST

കണ്ണൂര്‍: ജനങ്ങളെയും വോളന്റിയര്‍മാരെയും ബന്ധിപ്പിക്കുന്ന 'ചങ്ങായി' ആപ്പ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പുറത്തിറക്കി. 
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ല ജഡ്ജ് പി. ഇന്ദിരയാണ്  ഔദ്യോഗികമായി ആപ്പ് പുറത്തിറക്കിയത്. ദുരന്ത സമയത്ത് വിതരണസംവിധാനം ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ആണ് ചങ്ങായി. 

എല്ലാ വീടുകള്‍ക്കും ശ്രദ്ധ കിട്ടാനും, വോളന്റിയര്‍മാരുടെ സാമൂഹിക ഇടപെടല്‍ കുറയ്ക്കാനും വേണ്ടി വാര്‍ഡുകളെ വീട് നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ ആക്കി, ഒരു വോളന്റിയര്‍ എന്ന നിലയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഈ വീടുകളില്‍ സാധനങ്ങളുടെയോ മരുന്നിന്റെയോ ആവശ്യങ്ങള്‍ വരികയാണെങ്കില്‍ ഈ വോളന്റിയര്‍ വഴി മാത്രം എത്തിക്കും. സാമൂഹ്യവ്യാപനം എന്ന വിപത്ത് വന്നാലും ഓരോ വോളന്റിയര്‍മാരും എവിടെയൊക്കെ പോയി എന്നതിന് കൃത്യമായ ഒരു ട്രാക്കിങ് ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘവീക്ഷണമാണിതിന് പിന്നില്‍.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു ജനത്തിനും എളുപ്പത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയാം. പലചരക്ക്, പഴം/പച്ചക്കറികള്‍, മരുന്ന് എന്നിവ കൂടാതെ കമ്മ്യൂണിറ്റി കിച്ചന്‍ വഴി നല്‍കുന്ന ഭക്ഷണവും ആവശ്യപ്പെടാം. ഇനി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ ആണെങ്കില്‍ കാള്‍ സെന്ററില്‍ വിളിച്ചുപറഞ്ഞാല്‍ അവര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ ചെയുന്ന  ഓര്‍ഡറുകള്‍, വീട് നമ്പര്‍ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തം നല്‍കിയിരിക്കുന്ന വോളന്റിയറിനു നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. 

വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍  ആപ്പിന്റെ സഹായത്തോടെ കൃത്യമായി വിലയിരുത്തും. ചെയുന്ന പ്രവര്‍ത്തനങ്ങള്‍  ഒരു ഡാറ്റാബേസില്‍ എത്തുന്നതോടെ അതിന്റെ സുതാര്യത ഉറപ്പ് വരുത്തുകയും ചെയുന്നു. പ്ലേ സ്റ്റോറില്‍ ആപ്പ് എത്തിക്കാന്‍ കാലതാമസം വരുന്നത് കൊണ്ട് വോളന്റിയര്‍മാര്‍ അടങ്ങുന്ന ഒരു ഒഫീഷ്യല്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ആപ്പ്  ലിങ്ക് നല്‍കിയത്. 

കില ജില്ല കോര്‍ഡിനേറ്റര്‍ ഡോ. അനൂപ നാരായണന്റെ ആശയത്തെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സ് ആയ അവിനാഷ്, അസ്‌ലം എന്നിവരാണ് ആപ്പ് ആയി വികസിപ്പിച്ചത്. കിലയുടെയും കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  അരുണ്‍ ടി ജെയുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും പൂര്‍ണ പിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയത്. 

വോളന്റിയര്‍മാരുടെ സഹായത്തോടെ വിതരണം നടത്തുന്ന ഏത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്  ഉപയോഗിക്കാന്‍ സാധിക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിതരണസംവിധാനം നീരീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. 

Follow Us:
Download App:
  • android
  • ios