ആശോകനറിയാതെ തട്ടിപ്പ് നടത്തിയവര്‍ 50 ലക്ഷം ലോണിന് പുറമെ മറ്റൊരു 40 ലക്ഷം രൂപയുടെ ലോണിനും അദ്ദേഹത്തെ  ജാമ്യാക്കാരനാക്കുകയായിരുന്നു. ഇതോടെ ആകെ ബാധ്യത 90 ലക്ഷമായി. 

കോഴിക്കോട്: ഒരു രൂപ പോലും വായ്പയെടുക്കാത്ത അശോകനെന്ന കോഴിക്കോട് ചാത്തമംഗലത്തെ 76കാരൻ ഇപ്പോൾ രണ്ട് കോടിയോളം രൂപയുടെ കടത്തിലാണ്. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പുകളിൽ ഒന്നിന്‍റെ ഇരയായാണ് വയോധികനായ അശോകന്‍ കോടികളുടെ കടക്കാരനായത്.

അശോകനെ കടക്കാരനാക്കിയ തട്ടിപ്പിന്‍റ കഥ ഇങ്ങനെയാണ്. ബാങ്ക് മാനേജരായ മരുമകനെ പണയത്തട്ടിപ്പ് കേസിൽ നിന്നും രക്ഷിക്കാനായാണ് അശോകന്‍ തന്‍റെ പുരയിടത്തിന്‍റെ ആധാരം ആധാരം എ ആർ നഗർ സഹകരണ ബാങ്കിൽ നൽകിയത്. അശോകന് 4 വർഷം കഴിഞ്ഞ് കിട്ടിയത് 50 ലക്ഷം രൂപയുടെ വായ്പയെടുത്ത വകയിൽ പലിശ തിരിച്ചടക്കാനുള്ള നോട്ടീസ്. എന്നാല്‍ അശോകന്‍റെ മരുമകനെതിരെ ഒരു പണയത്തട്ടിപ്പ് കേസും മലപ്പുറത്തെ ഒരു പൊലിസ് സ്റ്റേഷനിലുമില്ലായിരുന്നു എന്നതാണ് കഥയിലെ ആദ്യ ട്വിസ്റ്റ്. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. വീണ്ടുമൊരു നോട്ടീസ് അശോകനെ തേടിയെത്തി. 40 ലക്ഷം രൂപയുടെ ബാധ്യത കൂടിയുണ്ടെന്ന് കാണിച്ചായിരുന്നു ആ നോട്ടീസ്.

ബാങ്കിന് പ്രവർത്തനപരിധി മലപ്പുറത്തെ എആർ നഗർ പഞ്ചായത്തിൽ മാത്രമാണ്. പക്ഷേ ആ ബാങ്കില്‍ പണയപ്പെടുത്തിയ വസ്തു കോഴിക്കോട്ടെ ചാത്തമംഗലത്തുള്ളതും. ലോണെടുക്കാൻ അശോകനറിയാതെ പല രേഖകളും ബാങ്ക് വ്യാജമായുണ്ടാക്കിയെന്നും വ്യക്തം. ഈ 76 വയസ്സിനിടെ ഒരു രൂപാ പോലും ഒരു ബാങ്കിൽ നിന്നും വായ്പടെയുത്തിട്ടില്ല നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അശോകൻ. പക്ഷെ ഇപ്പോൾ 2 കോടിയുടെ കടക്കാരനായിരിക്കുകയാണ്. 

ആശോകനറിയാതെ തട്ടിപ്പ് നടത്തിയവര്‍ 50 ലക്ഷം ലോണിന് പുറമെ മറ്റൊരു 40 ലക്ഷം രൂപയുടെ ലോണിനും അദ്ദേഹത്തെ ജാമ്യാക്കാരനാക്കുകയായിരുന്നു. ഇതോടെ ആകെ ബാധ്യത 90 ലക്ഷമായി. പലിശയും പിഴ പലിശയുമെക്കെയായി രണ്ട് കോടിയോളം രൂപയായി അത് വളര്‍ന്നു. എ ആർ നഗർ സഹകരണ ബാങ്കിന്‍റെ സെക്രട്ടറി ഹരികുമാറാണ് തട്ടിപ്പിന് പിന്നിലെന്നാണ് അശോകന്‍ ആരോപിക്കുന്നത്. ഇയാള്‍ക്കെതിരെ ഹൈക്കോടതിയിൽ കേസ് നടത്തുകയാണിപ്പോൾ അശോകൻ. എപ്പോൾ വേണമെങ്കിലും വീട് നഷ്ടപ്പെടാമെന്ന അവസ്ഥയിൽ കഴിയുന്ന വയോധികന്‍ മുഖ്യമന്ത്രി മുതൽ മനുഷ്യാവകാശ കമ്മീഷന് വരെ പരാതി നൽകി അനൂകൂല നടപടിക്കായി കാത്തിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona