ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ട നിലയിലായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പമ്പാ, അച്ചന്‍കോവില്‍, മണിമലയാറുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഗ്രാമങ്ങളും  നഗരങ്ങളും നദിയായി ഒഴുകി. ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശം കൂടാതെ, പാണ്ടനാട്, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, വെണ്‍മണി, ചെറിയനാട്, ചെന്നിത്തല  തൃപ്പെരുംതുറ, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആലാ, ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഒന്നാം നിലയുടെ മുകളിലും ടെറസിലും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 


ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ട നിലയിലായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പമ്പാ, അച്ചന്‍കോവില്‍, മണിമലയാറുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഗ്രാമങ്ങളും നഗരങ്ങളും നദിയായി ഒഴുകി. ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശം കൂടാതെ, പാണ്ടനാട്, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, വെണ്‍മണി, ചെറിയനാട്, ചെന്നിത്തല തൃപ്പെരുംതുറ, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആലാ, ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഒന്നാം നിലയുടെ മുകളിലും ടെറസിലും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 

ഇതില്‍ ഭൂരിഭാഗം പേരെയും രക്ഷപെടുത്തുന്നതായി സാധിച്ചിട്ടില്ല. വൃദ്ധര്‍, വികലാംഗര്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, രോഗികള്‍, കിടപ്പ് രോഗികള്‍, കുട്ടികളടക്കം എല്ലാവരും ഒറ്റപ്പെട്ട തുരുത്തുകളിലാണ്. വൈദ്യുതിയില്ല, കുടിവെള്ളം, ഭക്ഷണം, മരുന്ന് എന്നിവ കിട്ടാതെ ക്ലേശകരമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണ് ജനങ്ങള്‍. ശക്തമായ ഒഴുക്ക് മൂലം പല ഭാഗത്തും എത്തിച്ചേരാനും കഴിഞ്ഞിട്ടില്ല. ആരെയും ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുവാനോ, അറിയുവാനോയുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നത്തെ പകലാണ് ഇവരുടെ ഏക പ്രതീക്ഷ.

നാട് മുഴുവന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറി. മാന്നാര്‍ മുസ്ലീം ജുമാ മസ്ജിദിലെ മദ്രസാ ഹാള്‍, ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജ്, സി എസ് ഐ പള്ളി, കത്തോലിക്കാ പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ ആയിരകണക്കിന് ആളുകളാണ് കഴിയുന്നത്. ചെങ്ങന്നൂര്‍ നഗരത്തിലെ കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ എല്ലാം തീര്‍ന്നു. പല കടകളും തുറക്കാത്തതിനാല്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്.

അച്ചന്‍കോവിലാര്‍ കരകവിഞ്ഞതോടെ വെണ്‍മണി ഗ്രാമത്തിലെ ഉയര്‍ന്ന പ്രദേശങ്ങളൊഴികെയുള്ള ഭാഗങ്ങള്‍ വെള്ളക്കെട്ടിലമര്‍ന്നു. റോഡ് വശങ്ങളിലെ ഇരുനില വീടുകളിലെ താഴെ നിലയില്‍ വെള്ളം കയറിയതോടെ മുകളിലത്തെ നിലയിലേക്ക് അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി മാറിയ കല്യാത്ര ജെ ബി സ്‌കൂള്‍, മലങ്കര കത്തോലിക്കാ പള്ളി, പെന്തക്കോസ്ത് ഹാള്‍, എന്നിവിടങ്ങളില്‍ വെള്ളം കയറി. 

എം സി റോഡിന്‍റെയും സംസ്ഥാന പാതകളുടേയും മിക്ക ഭാഗത്തും രൂക്ഷമായ വെള്ളക്കെട്ടുക്കളാണ് മംഗലം, ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, പുലിയൂര്‍ , ബുധനൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവര്‍ പോലും പലവഴിക്ക് കുടുങ്ങി കിടക്കുകയാണ്. കൊല്ലം ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി മല്‍സ്യബന്ധന വള്ളങ്ങള്‍ ലോറികളിലാക്കി ഇന്നലെ വൈകീട്ടോടെ എത്തിചേര്‍ന്നിട്ടുണ്ട്. ഇവ ഇന്ന് പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് പോകും.