പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒയുടെ പേരിൽ വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച് തൃശൂർ റൂറൽ എസ്.പിക്ക് ഇമെയിൽ അയച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ. ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന കുടുംബത്തിന് സഹായം നൽകണമെന്നായിരുന്നു ആവശ്യം.
തൃശൂർ: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒ യുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ ചെന്നൈ സ്വദേശിയെ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശിയായ ശങ്കർ (46) എന്നയാളാണ് അറസ്റ്റിലായത്.
ഗുരുവായൂരിൽ ദർശനത്തിനായി തന്റെ ഭാര്യയും മകളും വരുന്നുണ്ടെന്നും അവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതി ഇമെയിൽ വഴി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് ഓഗസ്റ്റ് 25-നാണ് സന്ദേശം അയച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ഇത് പരിശോധിക്കുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.എസ്-ന് നൽകുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പരിശോധിച്ചതിൽ ഇമെയിലെ ഉള്ളടക്കങ്ങളും വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു.
ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തൃശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസെടുത്തു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലും പ്രതി പൊതുസേവകനായി ആൾമാറാട്ടം നടത്തിയതായും, ഡി.ആർ.ഡി.ഒ എന്ന പേര് ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ച് ഇലക്ട്രോണിക് മാധ്യമം വഴി അയച്ചതായും കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബൈജു കെ.സി, എസ്.ഐ ആൽബി തോമസ് വർക്കി, ജി.എ.എസ്.ഐ മനോജ്, സി.പി.ഒ മാരായ അജിത്ത്, സുദീപ്, ഡ്രൈവർ സി.പി.ഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


