വീട്ടുകാർ പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കൊല്ലം ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി. പൂയപ്പള്ളി സ്വദേശി രാജീവ്, വലിയോട് സ്വദേശിനി അഭിരാമി എന്നിവരാണ് മരിച്ചത്.

കൊല്ലം: പ്രണയബന്ധം വീട്ടുകാർ എതിർത്തതിന്റെ നിരാശയിൽ കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി.പൂയപ്പള്ളി സ്വദേശി രാജീവ് (26), വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതി അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി ( 19 ) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് അഭിരാമിയും രാജീവും തടാകത്തിനു സമീപമെത്തിയത്. സംസാരിച്ചിരുന്ന ശേഷം തടാകത്തിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇരുവരുടെയും ബാഗുകൾ കരയിൽനിന്നുംകണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർത്തു. പോലീസിൽ പരാതിയും നൽകി. ഇരുവരെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. ഒരുമിച്ച് ജീവിക്കാനാണ് തിരുമാനമെന്നാണ് ഇരുവരും സ്റ്റേഷനിൽ എഴുതി ഒപ്പിട്ട് നൽകിയത്. ഇതിനുശേഷം ഇരുവരുടെയും വീട്ടുകാരുടെയും എതിർപ്പ് കൂടുതൽ ശക്തമായെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് സൂചന. ഇരുവരുടെയും മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ശ്രദ്ധയ്ക്ക്:ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)