മാന്നാർ: ചെന്നൈ മുതൽ ചെന്നിത്തല വരെ നീളുന്ന 760കിലോമീറ്റർ യാത്ര, നീണ്ട പതിനെട്ട് മണിക്കൂർ. ചെന്നിത്തല കാരാഴ്മകിഴക്ക് പെരുമ്പ്രാവളളിൽ നന്ദനത്തിൽ രാധാകൃഷ്ണപിളളയുടെ മകളായ ആതിര(26)യും ഭർത്താവ് ശ്യാമേഷും  ഈ  യാത്ര ഒരിക്കലും മറക്കില്ല. ജോലി സംബന്ധമായി ചെന്നെയിലെ വില്ലിവാക്കത്തായിരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനിയറായ ശ്യാമേഷും ഇൻഷ്വറൻസ് കമ്പിനിയിലെ ഉദ്യോഗസ്ഥയായ ആതിരയും താമസം.  ഗർഭിണിയായ ആതിരയേയും കൊണ്ട് മാർച്ച് മാസം അവസാനം നാട്ടിലെത്താനിരുന്നതാണ് ശ്യാമേഷ്. 

എന്നാൽ കൊറോണയും തുടർന്നുണ്ടായ ലോക്ഡൗണും കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഇവർ ചെന്നെയിൽ പെട്ടുപോയി. ഇവർ രണ്ടുപേരും മാത്രമാണ് ചെന്നെയിലുളളത്. സഹായിക്കാൻ മറ്റാരുമില്ലാത്ത അവസ്ഥ. ഒൻപത് മാസം ഗർഭിണിയായ ആതിരയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം. ഏപ്രിൽ15ലേക്ക് ട്രയിൻ ടിക്കറ്റ് ലഭിച്ചിരുന്നു. എന്നൽ ലോക്ഡൗൺ പിന്നെയും നീട്ടിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. 

പിന്നീട് ആലപ്പുഴ ജില്ലാ കളക്ടർ ഓഫീസിലേക്ക് യാത്രാ പാസിന് അപേക്ഷ നൽകി. എന്നാർ ഫിറ്റ്സ് സർട്ടിഫിക്കേറ്റ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടു. ആതിരയെ പരിശോധിച്ചിരുന്ന തമിഴ്‌നാട്ടിലെ ഡോക്ടർ ഇങ്ങനെ ഒരു സർട്ടിഫിക്കേറ്റ് നൽകിയതുമില്ല. കാര്യങ്ങൾ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ബോധ്യപ്പെട്ടപ്പോൾ അവർ പെട്ടന്ന് പാസ് അനുവദിച്ചു. പാസ് ലഭിച്ചുകഴിഞ്ഞപ്പോൾ ഇവരെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് ഏറ്റിരുന്ന വ്യക്തി 28 ദിവസം ക്വാറന്റൈനിൽ പോകാൻ തനിക്ക് കഴിയില്ല എന്ന കാരണം പറഞ്ഞ് ഒഴിവായി. 

ഇതോടെ നാട്ടിലെത്താൻ വാഹനമില്ലാത്ത അവസ്ഥയായി. വിവരങ്ങൾ അറിഞ്ഞ സുഹൃത്ത് തന്റെ വാഹനം നൽകാമെന്ന സമ്മതിച്ചതോടെ ശ്യാമേഷ് സ്വയം ഓടിച്ചു വരാൻ തയ്യാറെടുത്തു. എന്നാൽ വാഹനം മാറിയപ്പോൾ പുതിയ പാസിന് അപേക്ഷിക്കേണ്ടിവന്നു. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ട കളക്ടർ അഞ്ജനയും ഡി. എം. ഒ. അനിതാകുമാരിയും വേഗം രണ്ടാമതൊരു പാസ്കൂടി നൽകി. തുടർന്ന് ശ്യാമേഷ് സ്വയം കാർ ഓടിച്ച് 18 മണിക്കൂർ കൊണ്ട് നാട്ടിലെത്തിക്കുകയായിരുന്നു. 

ഇടയ്കിടെ കാർ നിർത്തി 10 മിനിട്ടോളം ആതിരെ നടത്തിച്ചും വിശ്രമിച്ചുമായിരുന്നു യാത്ര. വ്യാഴാഴ്ച പുലർച്ചെ നാല് മണിക്ക് ചെന്നെയിലെ മാമ്പലത്തുനിന്നും പുറപ്പെട്ട് രാത്രി 10 മണിയോടെ ചെന്നിത്തലയിലെത്തി. യാത്രയിൽ തമിഴ്‌നാട്ടിലും കേരള അതിർത്തിയിലുമെല്ലാം കാര്യങ്ങൾ എളുപ്പമായിരുന്നുവെങ്കിലും ആലപ്പുഴ ജില്ല അതിർത്തിയായ ഇടപ്പോൺ ഐരാണിക്കുഴിയിൽ എത്തിയപ്പോൾ മാത്രമാണ് പോലീസിൽ നിന്നും മോശമായ അനുഭവം ഉണ്ടയതെന്ന് ഇരുവരും പറയുന്നു. 

എല്ലാരേഖകളും ഉണ്ടായിട്ടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നത്പോലെ ഇരുപത് മിനിട്ടോളം പോലീസ് ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. ഗർഭത്തിന്റെ അസ്വസ്ഥതകൾ ഉണ്ടന്ന് പറഞ്ഞിട്ടും പോലീസ് കൂട്ടാക്കിയില്ലെന്ന് ഇരുവരും പറയുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവി ഇടപെട്ടാണ് യാത്ര സുഗമമാക്കിയത്. 

വീട്ടിലെത്തിയശേഷം ഒരുമുറിക്കുളളിൽ 28 ദിവസത്തേക്ക ഇരുവരും കാറന്റൈനിലായി. സജിചെറിയാൻ എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി. എന്നിവരും ആലപ്പുഴ പ്രസ്‌ക്ലബ്ബും ഇവർക്ക് യാത്രാപാസ് എളുപ്പം അനുവദിച്ചുകിട്ടാൻ ഇടപെടൽ നടത്തിയിരുന്നു.