പ്രളയദുരിതം പേറി ജീവിക്കുന്ന ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ആലപ്പുഴയിലെത്തി.

ആലപ്പുഴ: പ്രളയദുരിതം പേറി ജീവിക്കുന്ന ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ആലപ്പുഴയിലെത്തി. വീട് തകര്‍ന്നവര്‍ക്ക് പോലും സഹായം കിട്ടാതെ നിരവധി പേരാണ് ഇപ്പോഴും കുട്ടനാട്ടില്‍ ജീവിക്കുന്നത്.

'വീട് താമസിക്കാന്‍ കൊള്ളില്ല, ഒരു മൂലയില്‍ ഒതുങ്ങി ജീവിക്കുന്നു'- കുട്ടനാട് സ്വദേശി രാധാമണിയമ്മ പറയുന്നു. എത്രകാലം ഇങ്ങനെ കഴിയേണ്ടിവരുമെന്ന് അറിയില്ല എന്നും അവര്‍ പറഞ്ഞു. വീട് തകര്‍ന്നതിന്‍റെ കണക്കെടുക്കാന്‍ പോലും ആരും വരാത്തതിന്‍റെ സങ്കടത്തില്‍ വേറെയും കുറേപേര്‍ അവിടെയുണ്ട്. കുട്ടനാട്ടില്‍ പ്രതിപക്ഷ നേതാവ് പ്രളയബാധിതരുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ എത്തിയത് നിരവധി പേരാണ്.

കുടുംബശ്രീയില്‍ ഇല്ലാത്തതിന്‍റെ പേരില്‍ ഒരു ലക്ഷത്തിന്‍റെ പലിശരഹിത വായ്പ കിട്ടാത്തവരും ഇതിലുണ്ട്. വീട് ഏതാണ്ട് പൂര്‍ണ്ണമായും പൊളിഞ്ഞിട്ടും പതിനായിരം രൂപ മാത്രം കിട്ടിയവര്‍, കന്നുകാലികളും വീട്ടിലെ ഉപകരണങ്ങളും നഷ്ടപ്പെട്ട് ഒരു രൂപ പോലും സഹായം കിട്ടാത്തവര്‍. പരാതിയുടെ പ്രളയമായിരുന്നു ചെന്നിത്തലയെത്തിപ്പോള്‍ അവിടെയുണ്ടായത്. രാവിലെ തുടങ്ങിയ പരാതി സ്വീകരിക്കല്‍ മണിക്കൂറുകള്‍ നീണ്ടു.