Asianet News MalayalamAsianet News Malayalam

'ഇത് ക്രൂരത, നഷ്ടം രണ്ടര ലക്ഷം'; ജോലിയുപേക്ഷിച്ച് കാർഷികവൃത്തിയിലേക്ക് തിരിഞ്ഞ യുവാവിന്റെ കൃഷിയിടത്തിൽ മോഷണം

ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു നന്ദകുമാര്‍ കൃഷിയിറക്കിയത്. തണ്ണിമത്തനും കുക്കുമ്പറുമാണ് കൃഷി ചെയ്തിരുന്നത്.

cherthala farmer lost lakhs due to watermelons theft from farm  joy
Author
First Published Jan 14, 2024, 9:14 PM IST

ചേര്‍ത്തല: ജോലിയുപേക്ഷിച്ച് പൂര്‍ണ്ണമായി ആധുനിക കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞ യുവാവ്, പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്പ ഉപയോഗിച്ച് നടത്തിയ കൃഷിയിലെ വിളവുകള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചതായി പരാതി. വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേലിക്കകത്ത് വി.എസ് നന്ദകുമാറിന്റെ കൃഷിത്തോട്ടത്തിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നന്ദകുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വയലാര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ മുക്കണ്ണന്‍ കവലയ്ക്ക് സമീപത്തെ ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു നന്ദകുമാര്‍ കൃഷിയിറക്കിയത്. തണ്ണിമത്തനും കുക്കുമ്പറുമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഏതാനും ദിവസത്തിനകം വിളവെടുക്കാന്‍ പാകമായവയാണ് മോഷ്ടിക്കപ്പെട്ടത്. പാതി വളര്‍ച്ച എത്തിയ തണ്ണി മത്തനും കുക്കുമ്പറും പറിച്ച് നശിപ്പിച്ചു. കൃഷിയിടത്തിലെ വിളകള്‍ക്കും കാര്യമായ നാശനഷ്ടം വരുത്തി. ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രുപ വായ്പ എടുത്താണ് ഇവിടെ കൃഷി നടത്തിയതെന്ന് നന്ദകുമാര്‍ പറഞ്ഞു.

ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നന്ദകുമാര്‍, ഒന്നരവര്‍ഷം മുമ്പാണ് ജോലി പൂര്‍ണ്ണമായും ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയത്. വയലാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി, മൂന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

നന്തിലത്ത് ഗോപാലകൃഷ്ണൻ ഇടഞ്ഞു, സംഭവം ആനയുടെ മുന്നിൽ നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ  
 

Latest Videos
Follow Us:
Download App:
  • android
  • ios