കോന്നിയിൽ റോഡപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തുണയായി. രാത്രി പട്രോളിംഗിനിടെ സുമേഷിനെ കണ്ടെത്തിയ ഉദ്യോഗസ്ഥർ, അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും തുടർചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.  

കോന്നി: റോഡപകടത്തിൽ പരിക്കേറ്റ് ആരും സഹായിക്കാനില്ലാതെ വഴിയിൽ കിടന്ന യുവാവിന് തുണയായി വനംവകുപ്പ് ഉദ്യോഗസ്ഥർ. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രാത്രി പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് പരിക്കേറ്റു കിടന്ന ഒരേക്കർ സ്വദേശിയായ സുമേഷിനെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലേലി ഭാഗത്ത് വെച്ചായിരുന്നു സംഭവം.

കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് നൈറ്റ് പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ സുമേഷ് റോഡരികിൽ കിടക്കുന്നത് കണ്ടത്. സ്ഥലത്തെത്തിയ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ വാഹനത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജ്യോതിലക്ഷ്മി, ഡ്രൈവർ കബീർ എന്നിവരുടെ സഹായത്തോടെ സുമേഷിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സുമേഷിനെ ആശുപത്രിയിലെത്തിച്ച ശേഷം ഉദ്യോഗസ്ഥർ ഒരേക്കറിലെ വീട്ടിലെത്തി മാതാവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ഇവരെയും സ്റ്റേഷൻ വാഹനത്തിൽ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

കോന്നിയിൽ നൽകിയ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം, ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഉദ്യോഗസ്ഥർ മുൻകൈ എടുത്ത് പൂർത്തിയാക്കി. എസ്.എഫ്.ഒ സലീം എം.എസ്, ബി.എഫ്.ഒമാരായ ഷൈൻ സലാം, സ്വാതി, എഫ്.ബി.എ മനു, ഡ്രൈവർ ജിജി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഈ സേവനമനോഭാവത്തെ നാട്ടുകാരും കുടുംബവും അഭിനന്ദിച്ചു.