ചേർത്തല: പെട്രോൾ കയറ്റി വന്ന ടാങ്കർ ലോറിയിൽ നിന്നും ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തി. ചേർത്തല അർത്തുങ്കൽ ബൈപ്പാസിന് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിയോടെയായിരുന്നു സംഭവം. 

സെന്റ് മേരീസ് ഫ്യൂവൽസ് ഉടമ തിരുവനന്തപുരം നെല്ലിമൂഡ് ആർ അജിതയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറി എറണാകുളത്ത് നിന്നും ഇന്ധനം കയറ്റി തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെ ചേർത്തല ഭാഗത്ത് വച്ചാണ് ചോർച്ച യാത്രക്കാരുടെ ശ്രദ്ധയിൽ പ്പെട്ടത്. 

കാലപ്പഴക്കത്താൽ ടാങ്കിന് താഴെ ദ്രവിച്ച ഭാഗത്തു നിന്നുമാണ് ചോർച്ച ഉണ്ടായത്. ചേർത്തല - ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും, ചേർത്തല പൊലീസിന്റെയും അവസരോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴുവായി. 

ചോർച്ചയുള്ള ഭാഗത്ത് ന്യൂമാറ്റിക് ബാഗും സോപ്പും ഉപയോഗിച്ച് താൽക്കാലികമായി ചോർച്ച ഒഴുവാക്കിയ ശേഷം അടുത്തുള്ള അശ്വതി പെട്രോൾ പമ്പിൽ എത്തിച്ച് ഇന്ധനം മാറ്റുകയായിരുന്നു. 

പ്രതീകാത്മക ചിത്രം