'കുഞ്ഞിനെ രതീഷിന് കൈമാറിയത് ബിഗ്ഷോപ്പറിൽ, എന്തുവേണമെങ്കിലും ചെയ്തോ എന്നും പറഞ്ഞു'
ചേർത്തലയിൽ നവജാതശിശുവിനെ കൊന്ന കേസിലെ ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ യുവതി രതീഷിന്റെ കുഞ്ഞിനെയാണ് താൻ ഗർഭം ധരിച്ചതെന്ന് ഭർത്താവിനെ അറിയിച്ചിരുന്നു.
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ ആൺസുഹൃത്ത് രതീഷ് എന്ന് ആലപ്പുഴ എസ്പി എംപി മോഹന ചന്ദ്രൻ. കുഞ്ഞിനെ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞാണ് പ്രസവശേഷം യുവതി കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ വീട്ടിലെത്തിച്ച രതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചേർത്തലയിൽ നവജാതശിശുവിനെ കൊന്ന കേസിലെ ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ യുവതി രതീഷിന്റെ കുഞ്ഞിനെയാണ് താൻ ഗർഭം ധരിച്ചതെന്ന് ഭർത്താവിനെ അറിയിച്ചിരുന്നു. കുഞ്ഞുമായി വീട്ടിലേക്ക് വരരുതെന്നായിരുന്നു നിബന്ധന. ഇതോടെ ആശുപത്രി വിട്ട യുവതി ബിഗ്ഷോപ്പറിൽ കുഞ്ഞിനെ രതീഷിന് കൈമാറുകയായിരുന്നു എന്ന് പോലിസ് പറയുന്നു.
അന്ന് തന്നെ കുഞ്ഞുമായി വീട്ടിലെത്തിയ രതീഷ് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിന്നീട് കുഴിച്ചുമൂടി. സമൂഹ മാധ്യമങ്ങളിൽ കുഞ്ഞിനെ വിറ്റെന്ന തരത്തിൽ വാർത്ത പ്രചരിച്ചതോടെ കുഞ്ഞിനെ കുഴിയിൽ നിന്ന് തിരിച്ചെടുത്ത് ശുചിമുറിയിൽ സൂക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി കത്തിച്ചു കളയാൻ ആയിരുന്നു പദ്ധതി. അതിനു മുൻപേ അന്വേഷണസംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കൈമാറി എന്നായിരുന്നു ഇവർ ആദ്യം നൽകിയ വിവരം. കൂടുതൽ ചോദ്യം ചെയ്യലിൽ ഇത് കളവാണെന്ന് പോലീസിന് ബോധ്യമായി. കൂടുതൽ ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു. പ്രദേശത്തെ ആശ വർക്കറുടെ ജാഗ്രതയോടെ ഉള്ള ഇടപെടൽ ആയിരുന്നു കൊലപാതക വിവരം പുറത്ത് അറിയാൻ ഇടയാക്കിയത്.
ആൺ സുഹൃത്ത് രതീഷും യുവതിയും ചേർന്ന് മൂന്ന് ആശുപത്രികളിൽ അബോർഷൻ നടത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രസവിച്ചത്. യുവതിക്കും രതീഷിനുമെതിരെ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇരുവരും ഒരേ നാട്ടുകാരും അകന്ന ബന്ധുക്കളും വിവാഹിതരുമാണ്.