മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ അശ്വതി ഉത്സവം ചുവർചിത്ര ശൈലിയിൽ പകർത്തി കലാകാരന്മാർ. ക്ഷേത്രത്തിന്റെ വടക്കേനടയിൽ ബാലകന്റെ ക്ഷേത്രത്തോട് ചേർന്നാണ് അശ്വതി ഉത്സവം ചിത്രീകരിച്ചത്. അക്രിലിക് കളർ ഉപയോഗിച്ചാണ് ചിത്രീകരണം. അശ്വതി ഉത്സവത്തിന്റെ കെട്ടുകാഴ്ചകൾ, ഘണ്ഠാകർണന്റെ പ്രതീകമായ പോള വിളക്കുകൾ, തീവെട്ടി, താളമേളങ്ങൾ, ആപ്പിണ്ടി എന്നിവയും ചെട്ടികുളങ്ങരയമ്മയുടെ കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയയപ്പുമാണ് ചിത്രീകരിച്ചിട്ടുള്ളത്.രണ്ടാഴ്ചയെടുത്തായിരുന്നു ചിത്രീകരണം. 

ക്ഷേത്രത്തിനകത്തെ ഭിത്തിയിൽ ക്ഷേത്ര ഐതിഹ്യം ചുവർ ചിത്രമായി വരച്ച ചെട്ടികുളങ്ങര ഈരേഴ തെക്ക് ചാലേത്ത് തെക്കതിൽ എസ് ശ്യാമിന്റെ നേതൃത്യത്തിൽ പത്തനംതിട്ട വാരിയാപുരം മനോജ് മേലൂട്ട്, ആറന്മുള വാസ്തുവിദ്യാഗുരുകുലം വിദ്യാർഥികളായ പത്തനംതിട്ട പെരുനാട് സ്വദേശിനി ദീപ്തി കെ.രാജൻ, കായംകുളം കൃഷ്ണപുരം സ്വദേശിനി ഡയാനാ സുനിൽ, കോട്ടാത്തല സ്വദേശിനി ആശാ മനോജ് എന്നിവർ ചേർന്നാണ് ചിത്രരചന പൂർത്തീകരിച്ചത്.