കോഴിക്കോട്: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ജനാധിപത്യക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പലറ്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മറുപടികള്‍ വ്യക്തവും പൂര്‍ണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാന്‍ സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന 30 ദിവസം എന്നത് ഇതിനായി എടുക്കാവുന്ന പരമാവധി സമയമാണ്. എത്രയും പെട്ടെന്ന് അപേക്ഷകന് വിവരം കൈമാറുകയെന്നതാണ് നിയമത്തിന്‍റെ താത്പര്യം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അപേക്ഷകന് വിവരം ലഭിച്ചിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. അല്ലാതെ 30 ദിവസത്തിനകം വിവരം തയ്യാറാക്കണമെന്നോ തപാലില്‍ അയയ്ക്കണമെന്നോ അതിനിടയിലുള്ള തിയ്യതി രേഖപ്പെടുത്തി മറുപടി അയക്കണമെന്നോ അല്ല. പകര്‍പ്പ് ആവശ്യപ്പെട്ടയാള്‍ക്ക് 30 ദിവസത്തിനകം പകര്‍പ്പ് നല്‍കണമെന്നും പകര്‍പ്പ് ലഭിക്കാന്‍ നിശ്ചിത രൂപ അടയ്ക്കണമെന്ന് കാണിച്ച് 30-ാം ദിവസം കത്തയച്ചാല്‍ പോരെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു.

വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആവശ്യപ്പെടുന്ന വിവരം യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ അപ്പീല്‍ സമയത്ത് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പലറ്റ് അതോറിറ്റിയും എല്ലാ മറുപടികളിലും പേരും സ്ഥാനപ്പേരും വെക്കണം. അപേക്ഷകര്‍ക്ക് വിവരം നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ടതില്ല. കൂടുതല്‍ വിവരം നല്‍കിയാല്‍ കുഴപ്പമില്ല. കുറഞ്ഞാലാണ് പ്രശ്‌നം. ചോദ്യ രൂപേണയായതു കൊണ്ട് മറുപടി നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും ചോദ്യരൂപത്തിലുള്ള അപേക്ഷകളിലും വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

വിവരം നിഷേധിക്കുമ്പോള്‍ ഏത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ വ്യക്തമാക്കണമെന്നും നല്‍കുന്ന രേഖകള്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഓരോ പേജും സാക്ഷ്യപ്പെടുത്തി നല്‍കമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. കെ.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, കെ.വി സുധാകരന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരയണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ സംശങ്ങള്‍ക്ക് മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണര്‍മാരും മറുപടി നല്‍കി.