തൃശൂര്‍: പാമ്പുകടിയേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിക്കാനിടയായ സംഭവം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസാണ് ഉത്തരവിട്ടത്. തൃശൂര്‍ ചട്ടികുളം കലാഞ്ചേരി വീട്ടില്‍ കെ വി ജോസ് നല്‍കിയ പരാതിയിലാണ് നടപടി.

ജോസിന്റെ മകന്‍ ആന്‍ജോ നെല്‍സന് 2018 സെപ്റ്റംബര്‍ എട്ടിനാണ് പാമ്പുകടിയേറ്റത്. ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കാഷ്വാലിറ്റി ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കാതെ മുക്കാല്‍ മണിക്കൂറിന് ശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വഴിമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാക്കാതെ 16 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതിനാല്‍ പൊലീസിന് അന്വേഷണം നടത്തി ഡോക്ടര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ അവകാശികള്‍ക്ക് പെര്‍മനന്റ് ലോക് അദാലത്തില്‍ പരാതി നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞു.