Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കി ബാലാവകാശ കമ്മീഷന്‍

കുട്ടിയെ കഴുത്തിന് പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

child rights commission instructed to expel teacher from service for beating student
Author
Kozhikode, First Published Dec 12, 2019, 10:35 AM IST

കോഴിക്കോട്: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ നിർദ്ദേശം നൽകി ബാലാവകാശ കമ്മീഷന്‍. ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷാണ് ഇക്കാര്യം അറിയിച്ചത്. യു പി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടത്.

കുട്ടിയെ കഴുത്തിന് പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ അധ്യാപകന്‍ മറ്റ് കുട്ടികളെയും സമാനമായി നിലത്തിട്ട് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി മൊഴികളില്‍ വ്യക്തമായിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെയും രക്ഷാകര്‍ത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജില്‍ നിന്നുളള റിപ്പോര്‍ട്ട്, പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് എന്നിവ തെളിവായി സ്വീകരിച്ചാണ് കമ്മീഷന്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും പി. സുരേഷ് പറഞ്ഞു. 

മെഡിക്കല്‍ കോളേജില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം കുട്ടി സെര്‍വിക്കല്‍ കോളര്‍ ധരിച്ചിരിക്കുകയാണ്. സ്‌കൂളില്‍ അച്ചടക്കരാഹിത്യം കാട്ടുന്ന കുട്ടികളെ ചൂരല്‍വടി പ്രയോഗിച്ചോ കൈകൊണ്ടോ ശിക്ഷിക്കുന്നത് പുതിയ സ്‌പെഷ്യല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകരമാണെന്ന് കമ്മീഷന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുളളതാണ്. സൗജന്യവും നിര്‍ബന്ധിത പരമായ വിദ്യാഭ്യാസ ചട്ടം 17 വകുപ്പ് അനുസരിച്ച് ശാരീരികമോ മാനസികമോ ആയി കുട്ടികളെ പീഡിപ്പിക്കുന്നത് കുറ്റകരമാണ്. ബാലനീതി നിയമം 75, 82 വകുപ്പുകള്‍ പ്രകാരം കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി ശിക്ഷിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സമാനമായ നിരവധി കേസുകള്‍ കേരളത്തിന്റെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അച്ചടക്കം ലംഘിക്കുന്ന കുട്ടികളെ കൗണ്‍സിലിംഗിലൂടെ പൊതുധാരയിലേക്ക് കൊണ്ടുവരാനാണ് അധ്യാപക സമൂഹം ശ്രമിക്കേണ്ടത്. കാര്യക്ഷമതയും അച്ചടക്കവും നഷ്ടപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതു സ്ഥാനത്ത് നിലനിര്‍ത്തുന്നത് സമൂഹത്തോടുളള സര്‍ക്കാറിന്റെ ഉത്തരവാദിത്തതിന്റെ ലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ അധ്യാപകനെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി നിര്‍ബന്ധിത വിരമിക്കലിന് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ശൂപാര്‍ശ ചെയ്തു. 

മുമ്പ് സമാനമായ സംഭവത്തില്‍ ഈ അധ്യപകനെ ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും ഹിയറിംഗ് നടത്തി തിരിച്ചെടുക്കുകയായിരുന്നു. ആ കേസില്‍ അച്ചടക്ക നടപടി തുടരണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം മാനേജ്‌മെന്റ് നടപ്പാക്കിയിട്ടില്ലെന്ന് കമ്മീഷന് ബോധ്യമായി. പുതിയ കേസില്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത പക്ഷം പിരിച്ചുവിടാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. 

സംഭവം നടന്ന രണ്ടാം തീയതി കുട്ടി നല്‍കിയ പരാതി തൊട്ടടുത്ത ദിവസം ഹെഡ്മാസ്റ്റര്‍ കുന്ദമംഗലം പൊലീസിന് കൈമാറിയെങ്കിലും ഏഴാം തീയതി മാത്രമാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രതിയായ അധ്യാപകന്‍ ആറാം തീയതി വരെ സ്‌കൂളില്‍ ഹാജരായിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തതില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ വിലയിരുത്തി.

ഈ കാര്യത്തില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തില്‍ നടപടി എടുക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്റെ ഭാഗമായി 16 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios