Asianet News MalayalamAsianet News Malayalam

ആദിവാസി കോളനിയിലെത്തി പരാതികള്‍ കേട്ട് ബാലാവകാശ കമ്മീഷന്‍

കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മീഷന്‍ അംഗങ്ങള്‍ കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. 

Child Welfare Commission Visit at Meppadi Govindapara Colony
Author
Wayanad, First Published Jun 10, 2021, 12:00 AM IST

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഗോവിന്ദപാറ പട്ടിക വര്‍ഗ്ഗ കോളനിയിലെത്തി പരാതികള്‍ കേട്ട് ബാലാവകാശ കമ്മീഷന്‍. ബുധനാഴ്ച ഉച്ചയോടെയാണ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍, ബബിത ബല്‍രാജ് എന്നിവര്‍ നേരിട്ടെത്തി കുടുംബങ്ങളുടെ പരാതികള്‍ കേട്ടത്. പണിയ വിഭാഗത്തില്‍പ്പെട്ട 18 ഉം കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നായി ആറ്  കുടുംബങ്ങളുമാണ് ഗോവിന്ദപാറ കോളനിയിലുള്ളത്. 

ആകെ 41 കുട്ടികള്‍ കോളനിയില്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇവര്‍ക്ക് അന്യമാണ്. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ കോളനിയി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മീഷന്‍ അംഗങ്ങള്‍ കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാനായി വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യവും കോളനിയില്‍ ഇല്ലെന്നാണ് ഭൂരിഭാഗവും പരാതിപ്പെട്ടത്.

 നിലവില്‍ മെന്റര്‍ ടീച്ചറുടെ സഹായത്തോടെ പ്രാദേശിക പഠന കേന്ദ്രത്തില്‍ എത്തിച്ചാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നത്. ഇക്കാര്യം ബോധ്യപ്പെട്ട കമ്മീഷന്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി.   മാതാപിതാക്കള്‍ അപകടത്തില്‍ മരണപ്പെട്ട് അനാഥരായ കോളനിയിലെ രണ്ട് കുട്ടികളെ സര്‍ക്കാര്‍ ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യും. 

നിലവില്‍ ഈ കുട്ടികള്‍ മുത്തശ്ശിയോടൊപ്പമാണ് കഴിയുന്നത്. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും കമ്മീഷന്‍ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു. സ്മിത, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്പന്‍തൊടിക, ട്രൈബല്‍ പ്രമോട്ടര്‍മാരായ പി.ഒ. അംബുജം, കെ.ജി. വിജിത തുടങ്ങിയവര്‍ കമ്മീഷനെ അനുഗമിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios