ചേര്‍ത്തല: അമ്മയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉദാരമതികളുടെ കനിവ് തേടി മൂന്ന് മക്കള്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മണ്ണാപറമ്പില്‍ ഉണ്ണിക്കണ്ണന്റെ ഭാര്യ ബിന്ദു(37) ആണ് തലയ്ക്കുള്ളില്‍ രക്തസ്രാവവുമായി അമൃത ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്നത്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാനാകൂ. ഇതിനായി ഏകദേശം 25 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കൂലിപ്പണിക്കാരനായ ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. ഇവര്‍ക്ക് ഇത്രയും വലിയ തുക താങ്ങാവുന്നതിന് അപ്പുറമാണ്. നിര്‍ധന കുടുംബത്തിന്റെ വീടിന്റെ ആധാരം പോലും പണയത്തിലാണ്. കടുത്ത തലവേദനയെ തുടര്‍ന്നാണ് ബിന്ദു ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദഗ്ദ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ബിന്ദുവിനെ സഹായിക്കുന്നതിനായി എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായി സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 13ന് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ചികിത്സാസഹായത്തിനുള്ള പണം സ്വരൂപിക്കും.

ബിന്ദുവിന്റെ പേരിലുള്ള ധനലക്ഷ്മി ബാങ്കിന്റെ ചേര്‍ത്തല ബ്രാഞ്ചിലേക്കും പണം അയക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍: 001304100002049. ഐഎഫ്എസ്‌സി കോഡ്- ഡിഎല്‍എക്‌സ്ബി0000013.