അമ്പലപ്പുഴ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഈ അവസരത്തിൽ സ്കൂളുകളെല്ലാം ഓൺലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ഇതിന് പിന്നാലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിരവധി കുട്ടികളുടെ വാർത്തയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അത്തരത്തിൽ രണ്ട് കുട്ടികളാണ് അശ്വിനിയും അനന്തകൃഷ്ണനും.

പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാർഡ് പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് പഞ്ചായത്ത് കോളനിയിൽ അനിൽ കുമാർ, ആശ ദമ്പതികളുടെ മക്കളാണ് ഇവർ. സ്മാർട്ട് ഫോണില്ലാത്തതിനാൽ സഹപാഠികളുടെ കരുണ കൊണ്ടാണ് ഇരുവരും ഇപ്പോൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.

അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വിനി. പുന്നപ്ര എൻഎസ്എസ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. കൂലിപ്പണിക്കാരനായ അനിൽ കുമാറിനും തൊഴിലുറപ്പ് തൊഴിലാളിയായ ആശക്കും വലിയ തുക ചെലവഴിച്ച് സ്മാർട്ട് ഫോൺ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. രണ്ടു മക്കളുടെയും ഓൺലൈൻ പഠനത്തിന്റെ ഭാഗമായുളള ഗൃഹപാഠം അധ്യാപകർ വാട്സാപ്പ് ഗ്രൂപ്പിലാണ് ഇടുന്നത്. 

എന്നാൽ, ഈ കുടുംബത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്തതുമൂലം ഇരുവരും തൊട്ടടുത്ത വീടുകളിലെത്തി സഹപാഠികളുടെ ഫോണിൽ നിന്നാണ് പഠിക്കുന്നത്. തങ്ങളുടെ ഓൺലൈൻ പഠനത്തിനായി സുമനസുകൾ സ്മാർട്ട് ഫോൺ നൽകുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാർത്ഥികൾ.