കോഴിക്കോട്: മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായമേകുകയാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികൾ. വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതർക്ക്‌ ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റർ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികൾ നിർമിച്ചു നൽകിയത്. നഗരത്തിൽ നിന്ന് പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഫിനോയില്‍ നിറച്ച് നല്‍കിയത്. 

ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത് ശിശുഭവനിലെ കുട്ടികളുടെ വെറുമൊരു ആഗ്രഹമായിരുന്നില്ല. കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചെത്തിയ രാജനടക്കമുള്ള കുട്ടികള്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ 15000 ലിറ്റര്‍ ഫിനോയിലാണ് കുപ്പിയിലായത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി കുട്ടികള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു. ഫിനോയിലുണ്ടാക്കി കുപ്പികളില്‍ നിറച്ച് ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ഇത് കൊണ്ടവസാനിപ്പിക്കാനല്ല, ദുരിതാശ്വാസ പ്രവർത്തനം സജീവമായി തുടരാൻ തന്നെയാണ് കുട്ടികളുടെ തീരുമാനം.