കോഴിക്കോട്: പ്രളയ ‍ദുരിതമനുഭവിക്കുന്നവർക്കായി സൗജന്യ സോളാർ എൽഇഡി ബൾബ് നിർമ്മിച്ച് നൽകുകയാണ് കോഴിക്കോട് കുന്ദമംഗലം വരട്ടിയാക്കിലെ കുട്ടികളുടെ കൂട്ടായ്മ. പ്രളയബാധിത പ്രദേശമായ ചെത്തുകടവിൽ വിതരണം ചെയ്ത ശേഷം ബാക്കിയുള്ളവ മറ്റിടങ്ങളിലേക്ക് നൽകാനാണ് ഇവരുടെ തീരുമാനം.

ശക്തമായ മഴയിൽ ചെത്തുകടവിലെ 45 വീടുകളിലാണ് വെള്ളം കയറിയത്. മൂന്ന് ദിവസത്തോളം നാട് ഇരുട്ടിലുമായി. പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ എന്ത് സഹായം ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് അദ്വൈത് എന്ന കുട്ടിയുടെ മനസ്സിൽ എൽഇഡി ബൾബുകൾ എന്ന ആശയം ഉയർന്നുവന്നത്. അദ്വൈതിന്‍റെ ആശയത്തിന് പിന്തുണമായി നാട്ടിലെ മറ്റ് കുട്ടികളും എത്തി. നിർമ്മാണ ചെലവിനുള്ള തുക കണ്ടെത്താൻ പ്രദേശത്തെ വീടുകളിൽ നിന്ന് പണം പിരിച്ചു.

നാട്ടിലെ ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് ഉടൻ എൽഇഡി ബൾബ് കൈമാറും ബാക്കിയുള്ളവ വയനാട്ടിലേക്ക് നൽകും. ആരെങ്കിലും എൽഇഡി ബൾബ് പണം കൊടുത്ത് വാങ്ങാൻ തയ്യാറായാൽ അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് ബൾബ് നിർമ്മിച്ച് അർഹമായവർക്ക് സൗജന്യമായി നൽകാനും ഈ കൂട്ടായ്മ തയ്യാറാണ്.

"