ഉടുമ്പന്‍ചോല ചെല്ലക്കണ്ടംകുടി നിവാസിയാണ് ചിന്നു. ആദിവാസി കുട്ടികളുടെ പഠന കാര്യം അന്വേഷിക്കേണ്ട ട്രൈബല്‍ ഡെവലപ്പ്‌മെന്‍റ് വകുപ്പ് ജീവനക്കാര്‍ കുടിലുകളില്‍ എത്താത്തതിനാൽ പുറം ലോകം ഇക്കാര്യം അറിഞ്ഞിട്ടില്ല.

ഇടുക്കി: എട്ട് വയസായിട്ടും ചിന്നുവിന് ഇതുവരെ സ്കൂളിൽ (School) പോകാനോ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനോ കഴിഞ്ഞിട്ടില്ല. ഇടുക്കി ഉടുമ്പന്‍ചോല ചെല്ലക്കണ്ടംകുടി നിവാസിയാണ് ചിന്നു. ആദിവാസി കുട്ടികളുടെ പഠന കാര്യം അന്വേഷിക്കേണ്ട ട്രൈബല്‍ ഡെവലപ്പ്‌മെന്‍റ് വകുപ്പ് ജീവനക്കാര്‍ കുടിലുകളില്‍ എത്താത്തതിനാൽ പുറം ലോകം ഇക്കാര്യം അറിഞ്ഞിട്ടില്ല.

സ്കൂളിൽ പോയിരുന്നുവെങ്കിൽ എട്ട് വയസ്സുകാരിയായ ചിന്നുവിപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കേണ്ടതാണ്. പക്ഷേ ചിന്നുവിന് സ്‌കൂളിനെ കുറിച്ച് കേട്ടറിവ് പോലുമില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലും പഠിച്ചിട്ടില്ല. ഉടുമ്പൻചോല ചെല്ലക്കണ്ടം മന്നാക്കുടി ഊരുമൂപ്പനായ ചെല്ലപ്പൻറെയും മീനാക്ഷിയുടെയു മകളാണ് ചിന്നു. സഞ്ചാര യോഗ്യമായ റോഡ് ഇല്ലാത്തതിനാലാണ് കുട്ടിയെ സ്‌കൂളില്‍ വിടാന്‍ കഴിയാത്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഏലത്തോട്ടത്തിലെ ഒറ്റയടി പാതയിലൂടെ സഞ്ചരിച്ച് വേണം, പുറം ലോകത്തെത്താന്‍. ഇതിലെ ചിന്നുവിനെ ഒറ്റക്ക് വിടാൻ അച്ചനമ്മമാർക്ക് പേടിയാണ്.

കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ പോലും ആദിവാസി ക്ഷേമ വകുപ്പ് ജീവനക്കാരോ, മറ്റ് സര്‍ക്കാര്‍, ജീവനക്കാരോ തങ്ങളുടെ കുടിയില്‍ എത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. ഇതോടെ കഴിഞ്ഞ വര്‍ഷം പത്താം ക്ലാസിലായിരുന്ന വിഷ്ണുവും പഠനം ഉപേക്ഷിച്ചു. മുമ്പ് എട്ട് കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ അഞ്ച് കുടുംബങ്ങളിലായി 22 പേർ. വഴിയും, കുടിവെള്ളവും അടക്കമുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല.