'കളകളെയും അതിന്റെ പിന്നിലെ കളികളേയും കാണാൻ സാധിക്കണം' എന്ന ആഹ്വാനത്തോടെയുള്ള പ്രസംഗം ആരംഭിക്കുന്നത്, ലൂസിഫറിലെ മോഹന്‍ലാലിന്‍റെ ഡയലോഗിലാണ്. 'കര്‍ഷകനല്ലെ മാഡം, കളപറിക്കാന്‍ ഇറങ്ങിയതാണ്' എന്ന ഡയോലോഗ് ഓര്‍മ്മിപ്പിച്ചാണ്. 

വരാപ്പുഴ: പാല ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശം കേരളത്തില്‍ വലിയ ചര്‍ച്ചയും വിവാദവുമാകുന്നതിനിടെ ഇതിനെ പരോക്ഷമായി പരാമര്‍ശിച്ച് വൈദികന്‍റെ പ്രസംഗം. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍റെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയുമായ ഫാ. ജെയിംസ് പനവേലില്‍ ആണ് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇതിനെതിരായി പരാമര്‍ശം നടത്തിയത്. 

'കളകളെയും അതിന്റെ പിന്നിലെ കളികളേയും കാണാൻ സാധിക്കണം' എന്ന ആഹ്വാനത്തോടെയുള്ള പ്രസംഗം ആരംഭിക്കുന്നത്, ലൂസിഫറിലെ മോഹന്‍ലാലിന്‍റെ ഡയലോഗിലാണ്. 'കര്‍ഷകനല്ലെ മാഡം, കളപറിക്കാന്‍ ഇറങ്ങിയതാണ്' എന്ന ഡയോലോഗ് ഓര്‍മ്മിപ്പിച്ചാണ്. ഇത്തരത്തിലുള്ള കളപറിക്കലുകള്‍ ചരിത്രത്തില്‍ എന്നും രക്തരൂക്ഷിതമായിട്ടെ ഉള്ളുവെന്ന് സൂചിപ്പിക്കുന്നു. 

ക്രിസ്തുവിന്‍റെ മനസിനോട് ചേര്‍ന്നുപോകേണ്ട നമ്മുടെ ചിന്തകളില്‍ സുവിശേഷം എന്ന വ്യാജേന വെറുപ്പുകള്‍ വിതയ്ക്കപ്പെടുന്നുണ്ട്. അത് തിരിച്ചറിയാന്‍ സാധിക്കുന്നയിടത്താണ് നാം ക്രിസ്തുവിന്‍റെ ഹൃദയമുള്ള കര്‍ഷകരായി മാറുന്നത്. ജീവിതത്തില്‍ നാം പുറപ്പെടുവിക്കുന്ന ഫലം കൊണ്ട് കളയും വിളയും തിരിച്ചറിയണം. കളയെന്ന് പറഞ്ഞ് പറച്ചുകളയുമ്പോള്‍ അല്ല വിളയാകുന്നത്, ഫലം നല്‍കിയാണ് വിളയാകേണ്ടത്. എനിക്ക് എതിരഭിപ്രായം ഉള്ളവരെ കളയണം, അവനെ ഇല്ലായ്മ ചെയ്യണം എന്ന ചിന്ത നമ്മുക്ക് ഉണ്ടെങ്കില്‍ അത് ക്രിസ്തുവിന്റെ സുവിശേഷമല്ല. പകരം എന്‍റെയുള്ളിലെ നന്മ പൂത്തുലയും വരെ കാത്തിരിക്കാം. ഫലം കൊണ്ട് തിരിച്ചറിയാം, ആര് നല്ലത്, ആര് മോശം എന്ന്.

നിറത്തിന്‍റെ, മതത്തിന്‍റെ, ജാതിയുടെ പേരില്‍ മുന്‍വിധിയോടെ അവന്‍ കള, ഇവന്‍ വിള എന്ന് പറയുന്ന രീതി നമ്മുക്കിടയിലുണ്ട്. ഇത്തരം ചാപ്പകുത്തല്‍ ക്രിസ്തുവിന്‍റെ സുവിശേഷമല്ല. കളയെന്ന പേരില്‍ ഇപ്പോള്‍ മനസില്‍ കയറുന്നത് തീവ്രവാദ മനോഭാവമാണ്. അത് ക്രിസ്തുവിന്‍റെ വിശ്വാസികളെ സംരക്ഷിക്കാനാണെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ വിശ്വസിക്കും. എന്നാല്‍ ഇതിലൂടെ മനസില്‍ വളരുന്ന കളകളെയും, കളികളെയും കാണാനായിട്ട് നമ്മുക്ക് സാധിക്കണം.

കള വിതയ്ക്കുന്ന പിശാചിനെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ ഇരുട്ടത്താണ് കള വിതയ്ക്കുന്നത്. അയാളുടെ മുഖം ആരും കാണുന്നില്ല. അയാളുടെ പേര് ആര്‍ക്കും അറിയില്ല, ഇത്തരം കളവിതയ്ക്കല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സൈബര്‍ ഇടങ്ങളിലാണ്. ഇവിടുത്തെ കള വിതയ്ക്കലിന്‍റെ എക്സറ്റന്‍ഷനായി നമ്മുടെ ജീവിതം മാറുന്നത് കളവിതയ്ക്കുന്നവനെ വിജയിപ്പിക്കുന്നു. ഇത്തരം കളവിതയ്ക്കലിനെ തിരിച്ചറിയാന്‍ സാധിക്കണം. ആരാണ് കള, ആരാണ് വിള എന്ന് പറയുമ്പോള്‍ അത് മുന്‍വിധിയോടെയാണ്. ഞാന്‍ വിള, അവന്‍ കള എന്ന് പറയാന്‍ നാം ആരാണ്. അതിന് നാം ആളല്ല. ഒരു കള വിളയായി മാറാം, അത് പോലെ ഒരു വിള കളയായി മാറാം. ഇവിടെ ഏകത്വമല്ല ദൈവം ആഗ്രഹിക്കുന്നത്, ദൈവം ആഗ്രഹിക്കുന്നത് വൈദിദ്ധ്യമാണ് - ഫാ. ജെയിംസ് പനവേലില്‍ പറയുന്നു.

ഫാ. ജെയിംസ് പനവേലിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം

നേരത്തെ വാര്‍പ്പുമാതൃകകള്‍ പൊളിച്ചെഴുതുന്ന കാലഘട്ടം, ക്രിസംഘി ആവാതെ മനുഷ്യനാവണം ഫാ. ജെയിംസ് പനവേലില്‍ നടത്തിയ പ്രസംഗം വൈറലായിരുന്നു.

Read More: വാര്‍പ്പുമാതൃകകള്‍ പൊളിച്ചെഴുതുന്ന കാലഘട്ടം, ക്രിസംഘി ആവാതെ മനുഷ്യനാവണം; വൈറലായി വൈദികന്‍റെ പ്രസംഗം