തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയാന്‍ പോരാട്ടവുമായി സലീം പഴയകട. ഇന്ത്യയെ മാതൃരാജ്യമായി മനസ്സില്‍ കൊണ്ട് നടക്കുന്ന സമുദായത്തെ രാജ്യത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നരെ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുമെന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് സലീമിന്റെ ഒറ്റയാന്‍ പോരാട്ടം. ബാലരാമപുരം ജംങ്ഷനില്‍ നിന്നും കാല്‍നടയായാണ് സലീം പ്രതിഷേധം ആരംഭിച്ചത്.

പൗരത്വ ബില്ലിന്റെ കോപ്പി തീ കൊളുത്തി നശിപ്പിച്ചും, പൗരത്വം തെളിയിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ തലമുറകള്‍ കൈമാറിയ പടിക്കം മാത്രമാണ് ഇന്നുള്ളതെന്നും സലീം പറ‍ഞ്ഞു. വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങള്‍ക്ക് മുന്നിൽ പ്രതിഷേധം നടത്തും. ഇരട്ട നീതിക്കെതിരെ പ്രതിഷേധിക്കും. മതത്തിന്റെയും നിറത്തിന്റെയും പേരില്‍ സമുദായത്തെ എതിര്‍ക്കുന്നവര്‍ തിരിച്ചറിയുക നിങ്ങളുടെ എതിര്‍പ്പ് ഞങ്ങളുടെ ഐക്യമാണെന്ന്. അത് ഞങ്ങള്‍ ഒറ്റക്കെട്ടായി തെളിയിക്കും. മതേതര രാഷ്ട്രത്തില്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന ശക്തികള്‍ ഇനിയെങ്കിലും തിരിച്ചറിയട്ടെ എന്നും  അദ്ദേഹം പറഞ്ഞു.

വായില്‍ മണ്ണെണ്ണ ഒഴിച്ച് ബില്ലിനെ തീ തുപ്പി കത്തിച്ചും സലീം പ്രതിഷേധിച്ചു. വിവിധ  സംഘടനകള്‍ സലിമിന്റെ പ്രതിഷേധത്തിന് ഐക്യധാര്‍ഡ്യം  പ്രഖ്യാപിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. മുമ്പ് കരിമണല്‍ ഖനനത്തിനെതിരെ സലീം നടത്തിയ ഒറ്റയാന്‍ പോരാട്ടം ഏറെ ശ്രദ്ധനേടിയിരുന്നു.