എതിർ വിഭാഗത്തിന് വക്കീൽ ഇല്ലാത്തതിനാൽ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇരുവരും ചീത്ത വിളിച്ച് അക്രമണം നടത്തിയത്.

തിരുവനന്തപുരം: സിവിൽ കേസിനായി കോടതിയിലെത്തിയ അഭിഭാഷകനെ പ്രതിസ്ഥാനത്തുണ്ടായിരുന്ന അച്ഛനും മകനും ചേർന്ന് മർദിച്ചു. നെടുമങ്ങാട് മുനിസിഫ് കോടതിയിൽ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വാദി ഭാഗം വക്കീലും ലീഗൽ കൺസെൾട്ടെന്‍റുമായ ആർ.സി പ്രകാശിനെയാണ് പ്രതി ഭാഗത്തുള്ള പിതാവും മകനും ചേർന്ന് മർദിച്ചത്. കരകുളം പേരൂർക്കോണം കോട്ടുകാൽക്കോണത്ത് വീട്ടിൽ പിതാവ് മുഹമ്മദ് കുഞ്ഞ്, മകൻ അൻവർ സലീം എന്നിവർ ചേർന്നാണ് മർദിച്ചതായി പരാതിയിൽ പറയുന്നത്.

സിവിൽ കേസിൽ ഒത്തുതീർപ്പിനിടെയാണ് തർക്കമുണ്ടായത്. എതിർ വിഭാഗത്തിന് വക്കീൽ ഇല്ലാത്തതിനാൽ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇരുവരും ചീത്ത വിളിച്ച് അക്രമണം നടത്തിയതെന്ന് പ്രകാശ് പറഞ്ഞു. താടിയെല്ലിലും മുഖത്തും ശരീരത്തിലും ഇരുവർ ചേർന്ന് മർദ്ദിച്ചതായും 5000 രൂപ വില വരുന്ന വാച്ച് മർദനത്തില്‌ പൊട്ടി നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു.

കോടതിയിലായിരുന്നതിനാൽ മജിസ്ട്രേറ്റും തർക്കം കണ്ടിട്ടുണ്ട്.തുടർന്ന് നെടുമങ്ങാട് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ പൊലീസെത്തിയെങ്കിലും മകൻ ഓടി രക്ഷപ്പെട്ടു. പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ പ്രകാശിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തതായി നെടുമങ്ങാട് പൊലീസ് അറിയിച്ചു. അൻവർ സലീമിനായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.