കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടത്തല്ല് നടന്നത്. യാത്രക്കാരിടപെട്ട് ജീവനക്കാരെ പിന്തിരിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായി. ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. 

കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടത്തല്ല് നടന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഒരേ റൂട്ടിലോടുന്ന രണ്ട് സിറ്റിബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. ബസുകള്‍ സിറ്റി സ്റ്റാന്‍ഡിലെത്തുന്ന സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി തല്ലുകയായിരുന്നു. ഇരുകൂട്ടര്‍ക്കും കാര്യമായ രീതിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. യാത്രക്കാര്‍ ഇറങ്ങി വന്ന് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. 

Read Also: മത്സരയോട്ട അപകടം; വാഹനങ്ങള്‍ അമിതവേഗതയിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങള്‍; ഥാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍: മത്സരയോട്ടം നടത്തി അപകടമുണ്ടായ സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്,അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. 

ഥാര്‍ ഡ്രവറെ അറസ്റ്റ് ചെയ്തു. ഥാര്‍ ഓടിച്ച അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ബി എം ഡബ്ല്യു കാറും ഥാറും അമിതവേഗതയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 

അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കർ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയാണ് ഥാർ, ടാക്സി കാറിലിടിച്ചത്. 

റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു. ഇടിച്ച വാഹനത്തിന്‍റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവര്‍ രാജന്‍ പറഞ്ഞു. ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിര്‍ത്തിയ ടാക്സി കാറിലേക്കാണ് ഥാര്‍ ഇടിച്ചുകയറിയത്.

മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. 

Read Also: തൊണ്ടി മുതല്‍ കേസ്: ' വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്ന് ആന്‍റണി രാജു പറഞ്ഞു' നിർണായക സാക്ഷി മൊഴി പുറത്ത്