മത്സര വള്ളം കളിയ്ക്ക് ശേഷം വാഹനം പാര്‍ക്ക് ചെയ്തിരുന്ന ഗോകുലം ഗ്രൗണ്ടിലെത്തി ജഴ്‌സി മാറുന്ന സമയത്താണ് പ്രതികള്‍ കമ്പി കഷണങ്ങളും തടി കഷണങ്ങളുമായി സംഘടിച്ചെത്തി തുഴച്ചില്‍ക്കാരെ ആക്രമിച്ചത്. 

കായംകുളം: ജലോത്സവത്തിനോടനനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ തുഴച്ചില്‍ക്കാരെ മാരകമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കായംകുളം ജലോത്സവത്തിന് ശേഷം നഗരത്തിലെ കായംകുളം ഗോകുലം ഗ്രൗണ്ടില്‍ വെച്ച് സംഘടിച്ചെത്തി വിയപുരം ചുണ്ടന്‍ വള്ളം തുഴയാനെത്തിയവരെ കമ്പി കഷണങ്ങളും തടികഷണങ്ങളും ഉപയോഗിച്ച് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ മാളിക പടീറ്റതില്‍ വീട്ടില്‍ യൂസഫ് മകന്‍ സുധീര്‍ (32) നെയാണ് കായംകുളത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

മത്സര വള്ളം കളിയ്ക്ക് ശേഷം വാഹനം പാര്‍ക്ക് ചെയ്തിരുന്ന ഗോകുലം ഗ്രൗണ്ടിലെത്തി ജഴ്‌സി മാറുന്ന സമയത്താണ് പ്രതികള്‍ കമ്പി കഷണങ്ങളും തടി കഷണങ്ങളുമായി സംഘടിച്ചെത്തി തുഴച്ചില്‍ക്കാരെ ആക്രമിച്ചത്. കമ്പി വടി കൊണ്ടും തടി കഷണം കൊണ്ടും ഉള്ള ആക്രമണത്തില്‍ തലയോട്ടിക്ക് മാരകമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ സുധീര്‍ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ ആക്രമണം നടത്തിയ കേസിലെ പ്രതിയും നിലവില്‍ ഹൈക്കോടതി ജാമ്യത്തില്‍ നില്‍ക്കുന്ന ആളുമാണ്. 

ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കായംകുളം പോലീസ് അറിയിച്ചു. കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പോലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.