കൊച്ചി: അത്താണി മുണ്ടംപാലം റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഉദ്ഘാടനത്തിനെത്തിയ സ്ഥലം എംഎൽഎ പി.ടി തോമസിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. സിപിഎം പ്രതിനിധിയായ തൃക്കാക്കര നഗരസഭ ചെയർപേഴ്സണെ പരിപാടിയ്ക്ക് ക്ഷണിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

ഉദ്ഘാടന ചടങ്ങിൽ സിപിഎം വാർഡ് കൗൺസിലർ സി എ നിഷാദിനെ അധ്യക്ഷനാക്കിയിരുന്നെങ്കിലും ചെയർപേഴ്സണായ ഷീല ചാരുവിനെ ക്ഷണിച്ചിരുന്നില്ല. ഇതോടെ വാർഡ് കൗൺസിലർ സിഎ നിഷാദിന്‍റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ചടങ്ങ് നടക്കുന്ന മുണ്ടംപാലം ജംഗ്ഷനിലേക്ക് പ്രതിഷേധവുമായി നീങ്ങി.  ഇത് യുഡിഎഫ് പ്രവർത്തകർ തടഞ്ഞതോടെ വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.പ്രതിഷേധക്കാര്‍ ഫ്ലക്സ് ബോർഡുകളും കസേരകളും നശിപ്പിച്ചു. പിടി തോമസ് എംഎൽഎയെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ എംഎൽഎ സത്യഗ്രഹമിരുന്നു. 

കഴിഞ്ഞയിടയ്ക്കാണ് തൃക്കാക്കര ചെയർപേഴ്സൺ ഷീല ചാരു കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. ഇതോടെ യുഡിഎഫിന് നഗരസഭ ഭരണവും നഷ്ടപ്പെട്ടു. ഇതിന്‍റെ വൈരാഗ്യമാണ് ചെയർപേഴ്സണെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ എല്ലാവരെയും ക്ഷണിച്ചിരുന്നെന്നും സിപിഎം മനപ്പൂർവം ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും പി.ടി തോമസ് എം എൽ എ പറഞ്ഞു.

പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.  മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുന്ന തൃപ്പൂണിത്തുറ നഗരസഭയുടെ അയ്യങ്കാളി സ്മാരക മന്ദിര ചടങ്ങിൽ നിന്ന് പി ടി തോമസ് എം എൽ എയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതും വിവാദമായിരുന്നു. ഈ സംഭവവും പ്രശ്നങ്ങൾക്ക് ഇടയാക്കി. എം എൽ എയെ സിപിഎം പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് യുഡിഎഫ് മുണ്ടംപാലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എം എൽ എയുടെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.