ഇടുക്കി: ഇടമലക്കുടിയെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് വികസനം യാഥാര്‍ഥ്യമാക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച ജുഡീഷറി സംഘം. 88 കോടിയിലധികം സര്‍ക്കാര്‍ ഫണ്ടുകള്‍ കുടികളില്‍ വിനിയോഗിച്ചിട്ടും വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. 

വിവിധ വകുപ്പുകളുടെ നേത്യത്വത്തില്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ലഘൂകരിച്ച് കുടികളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ കരട് രേഖ കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും കൈമാറുമെന്ന് ജില്ലാ സബ് കോടതി ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി സെക്രട്ടറിയുമായ ദിനേശന്‍ എം പിള്ള പറഞ്ഞു. ജില്ലാ കളക്ടര്‍ ദിനേശന്റെ സാനിധ്യത്തില്‍ ജൂഡീഷറി സംഘം നടത്തിയ ചര്‍ച്ചയില്‍ കുടിയിലേക്കുള്ള റോഡിന്റെ പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ധാരണയായി. 

സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ജഡ്ജിന്റെ നേത്യത്വത്തില്‍ ദേവികുളം മുനിസിഫ് മജിസ്‌ട്രേറ്റ് സി ഉബൈദ്ദുള്ളയടക്കമുള്ള 45 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം മൂന്ന് ദിവസമാണ് സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച  വൈകുന്നേരം വാല്‍പ്പാറയിലെത്തിയ സംഘം കാല്‍നടയായി മുളകുതറയിലും തുര്‍ന്ന് സൊസൈറ്റി കുടിയിലുമെത്തി. 

കുടിയിലെ മൂപ്പന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദരാജ്, കാണികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട ട്രൈബള്‍ വകുപ്പ് പ്രവര്‍ത്തനകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് സംഘം കണ്ടെത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് വിലങ്ങ് തടിയാണെന്ന് കുടിനിവാസികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും വനവകാശ നിയപ്രകാരമുള്ള രേഖകള്‍ വാങ്ങുന്നതിന് ആദിവാസികള്‍ തയ്യറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റേഞ്ച് ഓഫീസര്‍ സുചീന്ദ്രനാഥ് അറിയിച്ചു. 

10 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് നിയമപ്രകാരം നല്‍കാന്‍ കഴിയുക. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വകുപ്പുകള്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണമുയര്‍ന്നു. നിലവില്‍ താമസം ഒരിടത്തും ക്യഷി മറ്റൊരിടത്തുമാണ്. ഇതില്‍ 20 പേര്‍ക്ക് മാത്രമാണ് 20 മുതല്‍ 40 ഏക്കര്‍വരെ ഭൂമികളുള്ളത്. എന്നാല്‍ നിയപ്രകാരം കൂടുതല്‍ ഭൂമികള്‍ നല്‍കാന്‍ കഴിയില്ലെങ്കിലും രണ്ടിടത്തുമായി 10 ഏക്കര്‍ ഭൂമികള്‍ നല്‍കുന്നതിന് തടസ്സമില്ല. വനവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നമുറയ്ക്ക് വികസനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസ് ഇടമലക്കുടിലേക്ക് മാറ്റും. ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്നതിന് ബിഎസ്എന്‍എല്ലുമായി ധാരണയായി. 2 കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടമലക്കുടിയുടെ സമഗ്രവികസനം യാഥാഥ്യമാക്കുന്നതിന് 26 കുടികളെ 5 ക്ലസ്റ്ററുകളായി തിരിക്കും. കോ-ഓഡിനേറ്റര്‍, മൂപ്പന്‍മാര്‍, കാണികള്‍, പഞ്ചായത്ത് അംഗങ്ങള്‍, പ്രമോട്ടര്‍മാര്‍, വിവിധ ഉദ്യോഗസ്ഥരടങ്ങുന്ന 20 പേരാവും ക്ലസ്റ്ററിലെ അംഗങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് നിയമസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. 

മാര്‍ച്ച് 7 ന് സൊസൈറ്റിക്കുടിയില്‍ ആരംഭിക്കുന്ന നിയമസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് ദിനേശന്‍പിള്ള നിര്‍വ്വഹിച്ചു. മാസത്തില്‍ 2 ദിവസം അഭിഭാഷകര്‍, ലീഗര്‍ സര്‍വ്വീസ് അഥോറിറ്റി അംഗങ്ങള്‍, സൊസൈറ്റി കുടിയിലെ  നിയമസഹായ കേന്ദ്രങ്ങളില്‍ ആദിവാസികളുടെ പരാതികള്‍ കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും. വകുപ്പുകളെ ഏകോപിപ്പിച്ച് ഇടമലക്കുടിയുടെ സമഗ്രവികസനം യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ഇതുവഴി സംഘം ലക്ഷ്യമിടുന്നത്. 

ജൂഡീഷറി സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൂമാല സ്‌കൂളിലെ അധ്യാപകന്‍ വി വി ഷാജിയാണ് കുടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്ലസ്റ്ററെന്ന ആശയം അവതരിപ്പിച്ചത്. വിവരങ്ങള്‍ യഥാസമയം ആദിവാസികളില്‍ എത്തിക്കുന്നതിന് ക്ലസ്റ്റര്‍ സംവിധാനം ഉപയോപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ കുടികളില്‍ വിപുലമായ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി ആര്‍ഡിഒ വിനോദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി വി ഏലിയാസ്,  നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.