ഇടുക്കി: പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പെരിയവാരയില്‍ കുടങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ മൂന്നാറിലെത്തിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണ. പെരിയവാരയില്‍ നിന്നും മൂന്നാറിലേക്ക് പ്രവേശിക്കാന്‍ കമ്പനിയുടെ പ്രൈവറ്റ് റോഡ് തുറന്നുകൊടുത്താണ് ​ഗതാ​ഗതക്കുരുക്കടക്കം പരിഹരിച്ചത്. ഇതോടെ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് സ്വകാര്യകമ്പനിയുടെ പുതുക്കാട് എസ്റ്റേറ്റ് വഴി മൂന്നാറില്‍ പ്രവേശിക്കാനാകും.

പുതിയ പാലത്തിന്റെ പൈലിംങ്ങ് ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പണികള്‍ പൂര്‍ത്തിയാകും. കാലവസ്ഥ അനുകൂലമായാല്‍ രാത്രിയോടെ ജോലികള്‍ പൂര്‍ത്തിയാവും. ചൊവ്വാഴ്ചയോടെ താല്‍ക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ചരക്ക് നീക്കം പുനസ്ഥാപിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി.

രാവിലെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെരിയവാര സന്ദർശിച്ചിരുന്നു. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി അധിക്യതരുമായി സംഘം ചര്‍ച്ചകള്‍ നടത്തി. തുടർന്ന് റോഡ് തുറന്നുനല്‍കാൻ തീരുമാനിക്കുകയായിരുന്നു.

ഒന്നരവർഷത്തിനിടെ നാലാം തവണയാണ് മൂന്നാര്‍-പെരിയവാര താത്കാലിക പാലം തകര്‍ന്ന് ഗതാഗതം തടസ്സപ്പെടുന്നത്. 2018-ലെ മഹാപ്രളയത്തിലാണ് പാലം ആദ്യമായി തകർന്നത്.