Asianet News MalayalamAsianet News Malayalam

'ആ സമയത്ത് 30 സെക്കന്റ് പോലും നിര്‍ണ്ണായകമാണ്': കളക്ടർ ടിവി അനുപമയുടെ കുറിപ്പ്

അപകടത്തിൽ പെടുന്നൊരാൾക്ക് 30 സെക്കന്റ് പോലും നിര്‍ണ്ണായകമാണെന്നും ആ സമയത്ത് കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി പെരുമാറാൻ ശ്രമിക്കണമെന്നും ടിവി അനുപമയുടെ അഭ്യര്‍ത്ഥന

Collector Tv Anupama request to act like responsible citizen during rainy season
Author
Thrissur, First Published Jun 10, 2019, 10:08 AM IST

തൃശ്ശൂര്‍: വീണ്ടുമൊരു മഴക്കാലം കൂടി വരുന്നു. ഒരു മഹാപ്രളയത്തെ അതിജീവിച്ച് ജീവിതം വീണ്ടും കരുപ്പിടിപ്പിച്ച് തുടങ്ങിയ മലയാളികളുടെ നെഞ്ചിൽ ഭീതിയുടെ നിഴൽ പരത്തുന്നതാണ് ഓരോ മഴയും. മഴ കനക്കുമ്പോൾ ആശങ്കയോടെ ഉദ്യോഗസ്ഥരെ വിളിക്കുന്നവരുടെ എണ്ണത്തിൽ വലിയ വ‍ര്‍ദ്ധനവാണ് ഉണ്ടാവുക. ഇക്കുറിയും മൺസൂൺ കാലം തുടങ്ങിയതോടെ ജനങ്ങളോട് പഴയ ഒരു അഭ്യര്‍ത്ഥന ആവ‍ര്‍ത്തിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമ.

പ്രളയകാലത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ടിവി അനുപമ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായത്തിന് വേണ്ടി വിളിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എന്നാലിത് കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്യണമെന്നും കളക്ടർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. കനത്ത മഴയിൽ അപകടത്തിൽ പെടുന്നൊരാൾക്ക് 30 സെക്കന്റ് പോലും നിര്‍ണ്ണായകമാണെന്നും ആ സമയത്ത് കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി പെരുമാറാൻ ശ്രമിക്കണമെന്നും ടിവി അനുപമയുടെ അഭ്യര്‍ത്ഥന.


അനുപമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങിനെ

മഴക്കാലം ആസന്നമായതോടെ പഴയൊരു പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

കനത്ത മഴയാണെന്നും അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കോളുകളാണ് ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് കിട്ടുന്നത്.

അവധി പ്രഖ്യാപിക്കാൻ ഞങ്ങൾക്കൊരു നടപടിക്രമമുണ്ട്. അവ കൃത്യമാവുകയാണെങ്കിൽ, വിശ്വസിക്കൂ, ഞങ്ങൾ അവധി പ്രഖ്യാപിക്കും, നിങ്ങളാരെയും വിധത്തിലും ബുദ്ധിമുട്ടിക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല.

പക്ഷെ നിങ്ങളെല്ലാവരും ഒരുമിച്ച് ഫോൺ ചെയ്യുമ്പോൾ, ലൈൻ തിരക്കേറിയതാവും. അപ്പോൾ മുങ്ങിത്താഴുന്നവര്‍ക്കും കാണാതായവര്‍ക്കും വേണ്ടിയുള്ള കോളുകൾ കിട്ടാതെ വരും.

ബുദ്ധിമുട്ടുണ്ടാകുമ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യം നിശ്ചയമായും നിങ്ങൾക്കുണ്ട്. പക്ഷെ സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തം കൂടിയുണ്ടാകുമ്പോൾ കനത്ത മഴയിൽ പെട്ടൊരാൾക്ക് 30 സെക്കന്റ് പോലും ജീവനും മരണത്തിനുമിടയിലെ സമയമാകും. അതുകൊണ്ട് അടുത്ത തവണ അവധിക്ക് വേണ്ടി വിളിക്കുമ്പോൾ, ദയവായി ഉത്തരവാദിത്തമുള്ള പൗരന്മാരായി, നിങ്ങൾ അത്യാവശ്യ സഹായം വേണ്ടൊരാളെ ബുദ്ധിമുട്ടിക്കുകയല്ല എന്നുറപ്പാക്കൂ.

മനസിലാക്കുന്നതിന് നന്ദി.

സുരക്ഷിതമായ ഒരു മഴക്കാലം ആശംസിക്കുന്നു.

Follow Us:
Download App:
  • android
  • ios