മഞ്ചേരി കരിക്കാട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 19-കാരനായ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു.

മലപ്പുറം: മഞ്ചേരിയിൽ ബിരുദ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മഞ്ചേരി സ്വദേശി ശ്രീഹരിയാണ് (19) മരിച്ചത്. കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്‍റെ മകനാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം

കരിക്കാട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീഹരി. മുങ്ങിപ്പോയപ്പോൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ശ്രീഹരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാർക്കും രക്ഷിക്കാനായില്ല. മഴ പെയ്ത് കുളമാകെ നിറഞ്ഞു കവിഞ്ഞ സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഫയർഫോഴ്സ് എത്തിയാണ് ശ്രീഹരിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

(മഞ്ചേരിയിൽ കുളത്തിൽ മുങ്ങിമരിച്ച മഞ്ചേരി സ്വദേശി ശ്രീഹരി ( 19 ) യുടെ ചിത്രം നേരത്തെ മറ്റൊരു വാർത്തയിൽ തെറ്റായി ഉപയോഗിച്ചിരുന്നു. പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ ആ ചിത്രവും വാർത്തയും നീക്കം ചെയ്തിട്ടുണ്ട്. ശ്രീഹരിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടായ വിഷമത്തിൽ നിർവ്യാജം ഖേദിക്കുന്നു - പത്രാധിപർ)