കോളേജ് വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ ക്രൂര മര്‍ദനം
ആറങ്ങോട്ടുകാരിയിൽ അധ്യാപകനെ ഇറക്കാനായി ബസ് നിർത്തിയ സമയത്ത് ബൈക്കിൽ എത്തിയ സംഘമാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്.

തൃത്താല: പാലക്കാട് ആറങ്ങോട്ടുകരയിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം. കുറ്റിപ്പുറം കെഎംസിടി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥകൾക്കാണ് ആക്രമണമേട്ടത്. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മർദ്ദിക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ആറങ്ങോട്ടുകാരിയിൽ അധ്യാപകനെ ഇറക്കാനായി ബസ് നിർത്തി. ഈ സമയത്ത് ബൈക്കിൽ എത്തിയ സംഘം വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി. ഇവരെ സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ അധ്യാപകര്‍ക്കും പരിക്കേറ്റു. ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ വിദ്യാർത്ഥികളെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വീഡിയോ റിപ്പോര്‍ട്ട്
Watch Video
അതേസമയം മറ്റൊരു സംഭവത്തില്‍ പാലക്കാട് തൃത്താല തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്.
തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ വിശദീകരിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തില്‍ മലപ്പുറം നിലമ്പൂരില്‍ വയോധികനെ അയല്‍വാസിയുടെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് ശുചിമുറിക്ക് പിന്‍വശത്ത് മൃതദേഹം കിടക്കുന്നത് വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സൈക്കിളില്‍ സഞ്ചരിച്ച് ആക്രിക്കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ഹനീഫ ഇന്നലെ വൈകിട്ട് പുറത്ത് പോയതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണ വിവരം അറിഞ്ഞത്.