പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നിന്നു സിറ്റിംഗ് കൂടുതല്‍ സൗകര്യപ്രദമായ ഹാളിലേക്ക് മാറ്റണമെന്നാണ് ആവശ്യം. 

തൃശൂര്‍:പരാതികള്‍ പരിഹരിക്കാന്‍ ചേരുന്ന സിറ്റിങ് ഹാളിലെ സൗകര്യകുറവ് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെതിരെ പരാതി. മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്ന തൃശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ ആവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി നേര്‍ക്കാഴ്ച സംഘടനയാണ് കമ്മീഷന് പരാതി നല്‍കിയത്. 

വളരെ കുറച്ചു പേര്‍ക്ക് ഇരിക്കാനാകുന്ന ഹാളില്‍ സിറ്റിംഗില്‍ പങ്കെടുക്കാനെത്തുന്നവരും പരാതി നല്‍കാനെത്തുന്നവരും തിങ്ങി നില്‍ക്കേണ്ട സ്ഥിതിയാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നിന്നു സിറ്റിംഗ് കൂടുതല്‍ സൗകര്യപ്രദമായ ഹാളിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കളക്ടേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതികള്‍ പുതിയ സമുച്ചയത്തിലേക്ക് മാറിയതിനാല്‍ കളക്ട്രേറ്റ് കെട്ടിടത്തിലെ വിശാലമായ ഏതെങ്കിലും ഹാളിലേക്ക് മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് മാറ്റണമെന്നാണ് ആവശ്യം. 

ഇത് സാധ്യമല്ലെങ്കില്‍ കളക്ട്രേറ്റിലേക്കുള്ള കോണ്‍ഫ്രന്‍സ് ഹാളിലേക്ക് കമ്മീഷന്റെ സിറ്റിംഗ് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. പരാതി പരിഗണിച്ച കമ്മീഷന്‍ ജില്ലാ ഭരണാധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന വിശദീകരണമാണ് നല്‍കിയിട്ടുള്ളത്.