കൈക്കൂലി കേസിന് തഹസിൽദാറുടെ പ്രതികാരം; ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് നാട് മുഴുവൻ പരത്തിയെന്ന് പരാതി
കുട്ടിയുടെ പീഡന വിവരം നാട് മുഴുവന്‍ പരന്നതോടെ അതിജീവിതയുടെ മാതാവ് രണ്ട് വട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു

ആലപ്പുഴ: ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് വൈക്കം തഹസിൽദാർ ഇ എം റെജി നാട് മുഴുവൻ പരത്തിയെന്ന് പരാതി. മുമ്പ് കൈക്കൂലി ആവശ്യപ്പെട്ടതിന് റെജിക്കെതിരെ പരാതി നൽകിയതിനാണ് ഈ ക്രൂരത ചെയ്തതെന്ന് കുടുംബം പറയുന്നു. പട്ടികജാതിക്കാരിയായ കുട്ടിയുടെ പീഡന വിവരം നാട് മുഴുവന്‍ പരന്നതോടെ അതിജീവിതയുടെ മാതാവ് രണ്ട് വട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാൽ സമുദായ സംഘടനാ ഭാരവാഹികളാട് കേസിന്‍റെ കാര്യം സംസാരിച്ചതാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റെജിയുടെ പ്രതികരണം.
അരൂരില്‍ താമസിക്കുന്ന കോട്ടയം ഉദയനാപുരം സ്വദേശികളായ കുടുംബമാണ് വൈക്കം തഹസില്‍ദാര്‍ ഇ എം റെജിക്കെതിരെ ജില്ലാ കലക്ടർക്കും എസ് പിക്കും പരാതി നൽകിയിരിക്കുന്നത്. സംഭവങ്ങൾക്ക് തുടക്കം മൂന്ന് മാസം മുമ്പാണ്. മിശ്രവിവാഹിതരായ ദമ്പതികള്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വൈക്കം താലൂക്ക് ഓഫീസിലെത്തി. എന്നാൽ തഹസിൽദാർ ഇ എം റെജി 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കുടുംബം പറയുന്നു. ഉടൻ തന്നെ വിവരം വിജിലൻസ് എസ് പിയെ അറിയിച്ചു.
ഇക്കാര്യത്തിൽ വിജിലന്‍സിന്‍റെ നടപടി ക്രമങ്ങൾ പുരോഗമിക്കവേയാണ് പതിമൂന്നുകാരി സ്വന്തം വീട്ടിൽ വെച്ച് അയൽക്കാരന്‍റെ പീഡനത്തിന് ഇരയാവുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ആവശ്യത്തിനായി കുട്ടിയുടെ ജാതി സർടിഫിക്കറ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടും തഹസിൽദാർ നൽകിയില്ല. ഒടുവിൽ കുടുംബം കോട്ടയം ജില്ലാ കലക്ടറോട് പരാതിപ്പെട്ടപ്പോഴാണ് ജാതി സർട്ടിഫിക്കറ്റ് നൽകിയത്.
തനിക്കെതിരെ വിജിലൻസിന് പരാതി നൽകിയത് കുട്ടിയുടെ കുടുംബമാണെന്ന് റെജി മനസ്സിലാക്കി. തുടർന്ന് ഇതിന് പ്രതികാരമായി സാമുദായിക സംഘടനയുടെ ഭാരവാഹികൾ വഴി ഇരയുടെ പേര് വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കുടുംബം പറയുന്നു. ഒരു മരണ വീട്ടിൽ ചെന്നപ്പോൾ നാട്ടുകാർ അമ്മയോട് അതിജീവിതയുടെ കാര്യം ചോദിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടിയുടെ അമ്മ രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് കുടുംബം തഹസിൽദാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
സിപിഐ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസിലിന്‍റെ ജില്ലാ ഭാരവാഹി കൂടിയാണ് തഹസിൽദാർ. എന്നാൽ സമുദായ സംഘടനാ ഭാരവാഹികളാട് കേസിന്‍റെ കാര്യം സംസാരിച്ചതാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റെജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.