Asianet News MalayalamAsianet News Malayalam

സഹകരണ മേഖലയിൽ സമഗ്ര നിയമ നിർമ്മാണം നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ

കൊവിഡ് പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വാങ്ങാൻ 75 കോടിയിൽപരം രൂപ പലിശ രഹിത വായ്പയായി നൽകി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

comprehensive legislation will be implemented in the co-operative sector says Minister V N Vasavan
Author
Kozhikode, First Published Nov 19, 2021, 7:11 PM IST

കോഴിക്കോട്: സഹകരണ മേഖലയിൽ (Co-operative sector) സമഗ്ര നിയമ നിർമ്മാണം നടപ്പാക്കുമെന്ന് സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ (V N Vasavan) പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിൽ സഹകാരികളുടെ പങ്കാളിത്തത്തോടെ ചർച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സമഗ്ര നിയമ നിർമ്മാണം നടത്തുക. സഹകരണ മേഖലയിൽ നിരവധി പദ്ധതികളാണ് ഇതിനകം നടപ്പാക്കിയത്.

കൊവിഡ് പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വാങ്ങാൻ 75 കോടിയിൽപരം രൂപ പലിശ രഹിത വായ്പയായി നൽകി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ 73 .18 കോടി രൂപ നൽകി .പത്ത് വനിതാ സഹകരണ സംഘങ്ങൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വീതം നൽകി. കൊവിഡ് പ്രതിരോധ സാമഗ്രികൾ ഉൽപ്പാദിപ്പിക്കാനായിരുന്നു ഈ പദ്ധതി. 

കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി തൃശൂർ പഴയന്നൂരിൽ 40 ഫ്ലാറ്റുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട് കൈമാറ്റത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. വായ്പാ കുടിശ്ശിക അടച്ചു തീർക്കുന്നതിനായി പരമാവധി ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചു നൽകുകയും കൂടുതൽ വായ്പക്കാർക്ക് കുടിശിക അടച്ചു തീർക്കാൻ അവസരം ഒരുക്കി.

സഹകരണ മേഖലയിലെ ആശാസ്യകരമല്ലാത്ത പ്രവണതകൾ തടയാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ ഓഫീസിൽ നിന്നും അക്കൗണ്ടൻ്റ് ജനറൽ വിഭാഗത്തിൽ പെടുന്ന ഉന്നത ഉദ്യോഗസ്ഥൻ്റെ സേവനം സഹകരണ ഓഡിറ്റിന് ലഭ്യമാക്കും ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് വിഭാഗമായിരിക്കും ഇനി ഓഡിറ്റിംഗിന് നേതൃത്വം നൽകുക.

ഓഡിറ്റുമായി ബന്ധപ്പെട്ട് കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കേരളത്തിലുള്ള മുഴുവൻ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. ഈ ഓൺലൈൻ സംവിധാനത്തിലൂടെ നിശ്ചിത കാലയളവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും താലൂക്ക് തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.

ക്ഷീരകർഷക സംഘ മേഖലയിലും പരിഷ്ക്കരണ നടപടി ആരംഭിക്കും. യഥാർഥ ക്ഷീരകർഷകർക്ക് മാത്രം ഇനി അംഗത്വം ഉണ്ടാവുകയുള്ളു. സ്ത്രീകൾക്ക് കൂടുതൽ മുൻഗണനയും പ്രധാന്യവും ഈ മേഖലയിൽ നൽകും. കേരള ബാങ്ക് ലാഭകരമായിട്ടാണ് മുന്നോട്ടു പോകുന്നത് ജനതാൽപര്യമനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത് സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തിയും, നിയമപരമായും നേരിടും. സഹകരണ മേഖലയിലെ അഴിമതി തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി, റജിസ്ട്രാർ പി ബി നൂഹ്, പ്രസ് ക്ലബ് പ്രസിഡൻ്റ് ഫിറോസ് ഖാൻ, സെക്രട്ടറി പി എസ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios