പത്തനംതിട്ട: പന്തളം കുടശ്ശനാട്ടിൽ കോൺക്രീറ്റ് മിക്സിങ്ങ് പ്ലാന്‍റില്‍ നിന്നുള്ള മലിനജലം വയലിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. സിമന്‍റ് കലർന്ന മലിനജലം കാരണം കുടിവെള്ളം മലിനമാകുന്നുവെന്നും ആരോപണമുണ്ട്.

വിശാലമായ കരിങ്ങാലി പുഞ്ചക്ക് സമീപം ഒഴുകുന്നത് സിമന്‍റ് കലർന്ന മലിനജലമാണ്. പാടത്ത് കെട്ടിക്കിടക്കുന്നത് കോൺക്രീറ്റ് അവശിഷ്ടങ്ങളും. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഇത്തരത്തില്‍ സിമന്‍റ് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം ഒഴുകിയെത്താൻ തുടങ്ങിയതോടെ കുടിവെള്ളത്തിന് ഉള്‍പ്പടെയുള്ള ജലസ്രോതസ്സുകള്‍ മലിനമായി തുടങ്ങി. 

സമീപത്തുള്ള ജലാശയങ്ങളിലെ മത്സ്യ സമ്പത്തുകളും നശിച്ചു. മലിനജലം ഒഴുക്കി വിടുന്നത് ഇനിയും തുടർന്നാല്‍ കരിങ്ങാലി പുഞ്ചയിലെ കൃഷി നശിക്കുമെന്നും നാട്ടുകാർ പറയുന്നു. അഞ്ച് വർഷമായി കോൺക്രീറ്റ് മിക്സിങ്ങ് പ്ലാന്‍റ് ഇവിടെ പ്രവർത്തനം തുടങ്ങിയിട്ട്. മാലിന്യം സംസ്കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും ഇല്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. 

എന്നാല്‍, പ്രളയത്തെ തുടർന്ന് തകർന്ന മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവർത്തിച്ച് തുടങ്ങിയെന്നും ഇനി മാലിന്യം പുറത്തേക്ക് ഒഴുകില്ലെന്നും പ്ലാന്‍റ് അധികൃതർ പറയുന്നു. മാലിന്യം ഒഴുക്കി വിടുന്നതിന് എതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് സമീപവാസികളുടെ തീരുമാനം