കണ്ണൂർ: ഇരിട്ടിപുഴയിൽ കോൺക്രീറ്റ് മാലിന്യങ്ങളും റോഡ് നിര്‍മ്മാണ അവശിഷ്ടങ്ങളും തള്ളിയുള്ള പാലം നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മേഖലയിൽ പ്രളയക്കെടുതി രൂക്ഷമാക്കിയത് പുഴ മണ്ണിട്ട് നികത്തിയുള്ള 
അശാസ്ത്രീയ നിർമ്മാണമാണെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് അടക്കമുള്ള സംഘടനകളുടെ ആരോപണം. 

ക്വാറി മാലിന്യം, കോൺക്രീറ്റ് മാലിന്യം, പൊളിഞ്ഞ റോ‍ഡുകളുടെ അവശിഷ്ടങ്ങളെല്ലാം പുഴയിലേക്ക് തട്ടി പുഴയിൽ റോ‍ഡ് നിർമ്മിച്ചാണ് ഇപ്പോൾ പാലത്തിന്‍റെ സ്പാൻ നിർമ്മാണം. രണ്ട് വർഷത്തിനിടെ പൈലിംഗ് പണിക്കായി ആയിരക്കണക്കിന് ലോഡ് മണ്ണ് പുഴയിലേക്ക് തള്ളി. ആ മണ്ണെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി, പഴശ്ശി ജലസംഭരണിയിൽ അടിഞ്ഞു. പ്രളയക്കെടുതി രൂക്ഷമാക്കിയത് ഈ മണ്ണ് നിക്ഷേപമാണെന്നാണ് ആരോപണം. 

കരാർ കമ്പനിയായ ഇകെകെയുടെ പ്രവർത്തി, കെഎസ്ടിപിയുമായി ഒപ്പുവച്ച കരാറിനും പാരിസ്ഥിതിക മാനേജ്മെന്‍റ് ആക്ഷൻ പ്ലാനിനും വിരുദ്ധമാണെന്ന് കരാർ രേഖകളിൽ നിന്ന് വ്യക്തം. ജലമലിനീകരണത്തിന് കൂടി കാരണമാകുന്ന മാലിന്യനിക്ഷേപം ഇനി അനുവദിക്കാനാകില്ലെന്നാണ് പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നിലപാട്. പ്രളയത്തിൽ ഒലിച്ചുപോയതുകൊണ്ടാണ് പൈലിംഗ് പണിക്കായി നേരത്തെ ഇട്ട മണ്ണ് എടുത്തുമാറ്റാൻ കഴിയാതെ പോയതെന്നും കൂടുതൽ സ്ഥലത്ത് മണ്ണിടില്ലെന്നുമാണ് കരാർ കമ്പനിയുടെ വിശദീകരണം.