ഭൂമിക്ക് പട്ടയം ഉണ്ടെന്നുള്ള പള്ളികമ്മിറ്റിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലം ഉടമകളായ നാട്ടുികാർ പറയുന്നു

കോഴിക്കോട്: സ്വകാര്യ വ്യക്തികള്‍ കരമടച്ച് കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്നിറങ്ങാന്‍ വഖഫ് ട്രിബ്യൂണലിന്‍റെ നോട്ടീസ്. കോഴിക്കോട് കാരശേരി തണ്ണീര്‍പൊയിലില്‍ 40 കുടുംബങ്ങള്‍ക്കാണ് പള്ളിക്കമ്മിറ്റിയുടെ പരാതിയില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വഖഫ് രേഖകള്‍ പ്രകാരം സ്ഥലം പള്ളിക്കമ്മിറ്റിയുടേതാണെന്നാണ് അവകാശവാദം. 

ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ ഭൂമിയില്‍ 19 ഏക്കര്‍ അന്യാധീനപ്പെട്ടതാണെന്നും ഈ ഭൂമി 42 കുടുംബങ്ങള്‍ കയ്യേറിയതാണെന്നുമാണ് പള്ളിക്കമ്മിറ്റിയുടെ ആരോപണം. സ്ഥലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് പള്ളികമ്മിറ്റി വഖഫ് ട്രിബ്യൂണിലിനെ സമീപിച്ചു. 

അതിനേത്തുടർന്നാണ് കുടുംബങ്ങള്‍ക്ക് നോട്ടീസയച്ചത്. എന്നാല്‍, ഭൂമിക്ക് പട്ടയം ഉണ്ടെന്നും പള്ളികമ്മിറ്റിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും സ്ഥലം ഉടമകള്‍ പറയുന്നു. പള്ളിക്കമ്മിറ്റിയുടെ കയ്യിൽ വ്യക്തമായ രേഖകൾ ഉണ്ടെന്നും പള്ളിയുടെ സ്ഥലം അങ്ങനെ വിട്ട് കൊടുക്കാനാവില്ലെന്നും ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് മോയി പറഞ്ഞു. 

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ് ഭൂമിയെന്ന് കാരശേരി വില്ലേജ് ഓഫീസര്‍ വ്യക്തമാക്കുന്നു. പള്ളിക്കമ്മിറ്റിയുടെ നിലപാടിനെ നിയമപരമായി നേരിടാനാണ് സ്ഥലമുടമകളുടെ തീരുമാനം.