വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; 9-ാം ക്ലാസുകാരന്‍റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു
പാറശാല സർക്കാർ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. പാറശാല കാരോട് മറ്റൊരു വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യവും സമൂഹ മാധ്യങ്ങളിൽ പരക്കുന്നുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ രണ്ട് വ്യത്യസ്ത സംഘർഷങ്ങളിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം. പാറശ്ശാല ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികൾ തല്ലി ഒടിച്ചത്. അതേസമയം കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാരോട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഭവം അന്വേഷിച്ചു. എന്നാൽ, ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനെ തുടർന്ന് പൊലീസ് കേസെടുത്തില്ല. അതേസമയം പാറശ്ശാല ഹയർസെക്കന്‍ററി സ്കൂളിലുണ്ടായ സംഘർഷത്തിലാണ് പതിനാല് വയസ്സുകാരനായ കൃഷ്ണകുമാറിന് പരിക്കേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
Also Read: 'തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകം'; ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്ക
പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കളുടെ ആരോപണം. എന്നാൽ സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അറിയാനായി സംഘർഷത്തിലുൾപ്പെട്ട കുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പാറശാലയിൽ ഒൻപതാം ക്ലാസുകാരന്റെ കൈ സഹപാഠികൾ തല്ലിയൊടിച്ചു